കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന ശേഷം കവര്‍ച്ചയ്ക്കിടെയുള്ള കൊലപാതകമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ഭാര്യ പിടിയില്‍. മധ്യപ്രദേശിലെ ധറിലാണ് സംഭവം. സുഗന്ധവ്യഞ്ജനവ്യാപാരിയായ പുരോഹിത് ദേവ്കൃഷ്ണ(28)യാണ് കൊല്ലപ്പെട്ടത്. വീടിനുള്ളിലായിരുന്നു യുവാവിന്റെ മൃതദേഹം. കവര്‍ച്ച എതിര്‍ത്ത ഭര്‍ത്താവിനെ അജ്ഞാതരായ അക്രമിസംഘം 3.5 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളുമായി കടന്നുകളഞ്ഞെന്നായിരുന്നു പുരോഹിത് ദേവ്കൃഷ്ണയുടെ ഭാര്യ പ്രിയങ്ക നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്. ഏപ്രില്‍ ഏഴിന് രാത്രിയായിരുന്നു കൊലപാതകം.
|
കേസെടുത്ത പോലീസ് യുവതിയുടെ മൊഴി എടുത്തെങ്കിലും ഇതില്‍ പൊരുത്തക്കേടുകള്‍ തോന്നി നടത്തിയ വിശദ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിവാഹം കഴിഞ്ഞതുമുതല്‍ പുരോഹിതും പ്രിയങ്കയും തമ്മില്‍ അസ്വാരസ്യത്തിലായിരുന്നുവെന്നും പുരോഹിതിന് നിറംകുറവാണെന്നും തന്നെ ഭാര്യയായി പുരോഹിത് അര്‍ഹിക്കുന്നില്ലെന്നും യുവതി പലപ്പോഴും പറഞ്ഞിരുന്നതായി കൊല്ലപ്പെട്ട യുവാവിന്റെ സഹോദരി ജ്യോതി ചൂണ്ടിക്കാട്ടി.
പ്രിയങ്ക കമലേഷ് പുരോഹിത് എന്ന 32കാരനുമായി നാളുകളായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും ചേര്‍ന്ന് പുരോഹിത് ദേവ്കൃഷ്ണയെ ഇല്ലാതാക്കാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഒരുലക്ഷത്തി അമ്പതിനായിരം രൂപ നല്‍കാമെന്ന് വാക്കുനല്‍കി കമലേഷ് തന്റെ സഹായി സുരേന്ദ്ര ഭട്ടിയെക്കൊണ്ടാണ് കൊലപാതകം നടത്തിയത്.
സംഭവദിവസം രാത്രി പ്രിയങ്ക കതക് പൂട്ടാതിരിക്കുകയും സുരേന്ദ്ര കിടപ്പുമുറിയിലെത്തി ഉറങ്ങിക്കിടന്നിരുന്ന ദേവ് കൃഷ്ണയെ ആക്രമിക്കുകയുമായിരുന്നു. ഇതിനു ശേഷം കവര്‍ച്ചയെന്നു വരുത്തിത്തീര്‍ക്കാന്‍ വീടിനുള്ളിലെ സാമഗ്രികള്‍ വലിച്ചുവാരിയിടുകയും ചെയ്തു. അക്രമികള്‍ തന്നെ കെട്ടിയിട്ടുവെന്നും യുവതി പോലീസിനോടു പറയുകയുണ്ടായി.
ചോദ്യം ചെയ്യലില്‍ പ്രിയങ്ക അടിക്കടി മൊഴി മാറ്റിയതാണ് പോലീസിന്റെ സംശയം വര്‍ധിപ്പിച്ചത്. യുവതിയുടെ മൊബൈല്‍ ഫോണ്‍ വിശദ പരിശോധനയ്ക്കു വിധേയമാക്കിയതോടെ കാമുകനുമായുള്ള ബന്ധം വ്യക്തമാവുകയും വിശദമായ ചോദ്യം ചെയ്യലില്‍ യുവതി കുറ്റസമ്മതം നടത്തുകയുമായിരുന്നു. തുടര്‍ന്ന് പ്രിയങ്കയെയും കമലേഷിനെയും അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ സുരേന്ദ്രയെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
ALSO READ: ഹോര്‍മുസ് കടലിടുക്കിനു മുകളില്‍ യുഎസിന്റെ വിലയേറിയ നിരീക്ഷണ ഡ്രോണ്‍ കാണാതായി




