22
Jan 2023
Tue
22 Jan 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: ഫ്രഞ്ച് വമ്പൻമാരായ പാരിസ് സെന്റ് ജെർമനും(പി.എസ്.ജി) സഊദി സീസൺ സ്റ്റാർസും തമ്മിലുള്ള മത്സരം മറ്റന്നാൾ. പ്രദർശനമത്സരത്തിൽ സൗദി ടീമിനെ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും. നിലവിൽ സൗദി ഒന്നാം നമ്പർ ലീഗിലെ അൽനസർ ടീമിലാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ.

ക്യാപ്റ്റൻ ബാഡ്ജ് ക്രിസ്റ്റ്യാനോയ്ക്ക് കൈമാറുന്നതിന്റെ വിഡിയോ സഊദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജി.ഇ.എ) തലവൻ തുർക്കി അൽ ഷെയ്ഖ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

റിയാദ് കിങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സഊദിയിലെ അൽനസർ, അൽഹിലാൽ ക്ലബ്ബുകളുടെ സംയുക്ത ടീമാണ് സഊദി സീസൺ സ്റ്റാർസ്. അർജന്റീനയുടെ ലയണൽ മെസ്സി, ബ്രസീലിന്റെ നെയ്മർ, ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടിയ ഫ്രാൻസിന്റെ ഹീറോ കിലിയൻ എംബാപ്പെ തുടങ്ങിയവരാണ് പി.എസ്.ജിക്കായി അണിനിരക്കുന്നത്. അൽഹിലാലിന്റെ മാത്യൂസ് പെരേര, ഒഡിയൻ ഇഗാലോ അൽ നസറിന്റെ അൽവാരോ ഗോൺസാലസ്, താലിസ്‌ക എന്നിവർ സഊദി സീസൺ സ്റ്റാർസിനായി ബൂട്ടണിയും. അർജന്റീനിയൻ കോച്ച് മാർസെലോ ഗല്ലാർഡോ ആണ് സഊദി സീസൺ സ്റ്റാർസിനെ പരിശീലിപ്പിക്കുന്നത്.

സൂപ്പർ പോരാട്ടത്തിന്റെ ടിക്കറ്റുകൾ രണ്ടാഴ്ച മുമ്പ് തന്നെ വിറ്റുതീർന്നിരുന്നു.