20
Jul 2025
Wed
20 Jul 2025 Wed
Qatar confirms bid to host 2036 Olympic and Paralympic Games

ദോഹ: 2036ലെ ഒളിമ്പിക്‌സിനും പാരാലിംപികിസനും (2036 Olympic and Paralympic Games) ആതിഥേയരാകാന്‍ അപേക്ഷ സമര്‍പ്പിച്ചു ഖത്തര്‍. 2022ലെ ഫിഫാ ഫുട്‌ബോള്‍ ലോകകപ്പ് വിജയകരമായി നടത്തിയത് ഖത്തറിന് അനുകൂലഘടകമാണ്. ലോകകപ്പിനുവേണ്ടി വലിയ തോതില്‍ ഖത്തര്‍ അടിസ്ഥാനസൗകര്യം വികസിപ്പിച്ചിരുന്നു. അതിവിശാലമായ സ്റ്റേഡിയങ്ങളും ഒരുക്കിയത് ഫിഫാ കമ്മിറ്റിയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 2030 ല്‍ ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ തലസ്ഥാനമായ ദോഹയാണ് വേദി. ഏഷ്യന്‍ ഗെയിംസിനുള്ള സൗകര്യങ്ങള്‍ ഒളിമ്പിക്‌സിലേക്കുള്ള തയ്യാറെടുപ്പാക്കി മാറ്റുകയാണ് ഖത്തറിന്റെ ലക്ഷ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വേദി അനുവദിച്ചുകിട്ടിയാല്‍ ഒളിമ്പിക്‌സ് നടക്കുന്ന ആദ്യ പശ്ചിമേഷ്യന്‍ രാജ്യമാകും ഖത്തര്‍. വേദിയൊരുക്കാന്‍ താത്പര്യമറിയിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തുനല്‍കിയതായി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി പറഞ്ഞു.

ആഗോള കായിക രംഗത്ത് മുന്‍നിരയില്‍ ഖത്തറിനുള്ള സ്ഥാനമാണ് ഒളിമ്പിക്‌സ് ബിഡിലൂടെ അടയാളപ്പെടുത്തുന്നതെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി വ്യക്തമാക്കി.

ഒളിമ്പിക്‌സ് മത്സര ഇനങ്ങള്‍ നടത്താന്‍ 95 ശതമാനം സൗകര്യങ്ങള്‍ ഖത്തറിലുണ്ടെന്നും അത് നൂറ് ശതമാനത്തിലെത്തിക്കാന്‍ കൃത്യമായ പദ്ധതി തയ്യാറാക്കിയതായും ഖത്തര്‍ ഒളിംപിക്‌സ് കമ്മിറ്റി (ക്യുഒസി) പ്രസിഡന്റ് ശൈഖ് ജുവാന്‍ ബിന്‍ ഹമദ് അല്‍താനി വ്യക്തമാക്കി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള കായിക പ്രേമികള്‍ക്ക് സുരക്ഷിതമായ കായികാനുഭവം പകരാന്‍ ഖത്തറിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2036ലെ ഒളിമ്പിക്‌സ് നടത്താന്‍ കാര്യമായ ശ്രമം നടത്തുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയാണ് ഖത്തറിന്റെ ഇടപെടല്‍.
ഇന്ത്യയെക്കൂടാതെ ഇന്തോനേഷ്യ, തുര്‍ക്കി, ചിലി എന്നീ രാജ്യങ്ങളും 2036 ഒളിമ്പിക്‌സിന് ആതിഥേയരാകാന്‍ ബിഡ് സമര്‍പ്പിച്ചിട്ടുണ്ട്. സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഹങ്കറി, ഇറ്റലി, ജര്‍മനി, ഡെന്മാര്‍ക്ക്, കാനഡ തുടങ്ങിയ രാജ്യങ്ങളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

The Qatar Olympic Committee (QOC) said it was taking part in “ongoing discussions” with the International Olympic Committee (IOC) over the election process for the host city of the 2036 Olympic and Paralympic Games, the organisation said in a media release on its website.