ദോഹ: ഖത്തറിലെ ആദ്യത്തെ ദേശീയ ഡെബിറ്റ് കാര്‍ഡായ ‘ഹിമ്യാന്‍’ ഔദ്യോഗികമായി ലോഞ്ച് വിപണിയിലിറക്കി. ക്യുസിബിയുടെ ഉടമസ്ഥതയിലുള്ള രജിസ്റ്റര്‍ ചെയ്ത ഖത്തരി ബ്രാന്‍ഡിലുള്ള ആദ്യത്തെ ദേശീയ ഇ-കാര്‍ഡാണ് ഹിമ്യാനെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ( qatar first national debit card Himyan launched )
|
അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലാണ് കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സമാനമായ പ്രാദേശിക കാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ നിരവധി സവിശേഷതകള്‍ ഹിമ്യാനുണ്ട്.
ഒരു രജിസ്റ്റര്‍ ചെയ്ത ഖത്തരി ബ്രാന്‍ഡ് എന്നതിന് പുറമേ, ഇടപാടുകള്‍ക്ക് മറ്റു കാര്‍ഡുകളേക്കാള്‍ ചെലവ് കുറവാണ് എന്നതാണ് ഈ കാര്‍ഡിന്റെ സവിശേഷത. പ്രാദേശികമായി നടത്തുന്ന എല്ലാ ഇടപാടുകള്‍ക്കും കോണ്‍ടാക്റ്റ്ലെസ് സേവനം ഹിമ്യാന്‍ സപ്പോര്‍ട്ട് ചെയ്യുന്നു.
ഹിമ്യാന്‍ ഉപയോഗിച്ച്, പ്രാദേശിക ബാങ്ക് ഉപഭോക്താക്കള്‍ക്ക് രാജ്യത്തെ എല്ലാ എടിഎമ്മുകളില്‍ നിന്നും പ്രാദേശികമായി പണം പിന്‍വലിക്കാം. ക്യുപേയുടെ പേയ്മെന്റ് പോര്‍ട്ടല്‍ വഴി രാജ്യത്തുടനീളമുള്ള എല്ലാ വില്‍പ്പന കേന്ദ്രങ്ങളിലും കൂടാതെ പ്രാദേശിക ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലൂടെ പണമിടപാടുകള്‍ നടത്താനും ഈ കാര്‍ഡ് വഴി സാധിക്കും.
പ്രാദേശിക ബാങ്ക് ഉപഭോക്താക്കള്‍ക്ക് തീര്‍ത്തും സൗജന്യമായാണ് കാര്‍ഡ് ലഭിക്കുക. ക്യുഎന്‍ബി, ദോഹ ബാങ്ക്, മസ്റഫ് അല്‍ റയാന്‍, ഖത്തര്‍ ഇസ്ലാമിക് ബാങ്ക്, ദുഖാന്‍ ബാങ്ക്, ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ബാങ്ക്, കൊമേഴ്സ്യല്‍ ബാങ്ക് എന്നിവയാണ് നിലവില്‍ ഹിമ്യാന്‍ കാര്‍ഡുകള്‍ ഓഫര്‍ ചെയ്യുന്നത്.


