
ദോഹ: ചരിത്രത്തിലെ ഏറ്റവും മികച്ച ലോക കപ്പ് ഫുട്‌ബോള്‍ നടത്തി ലോകത്തെ അമ്പരപ്പിച്ച കൊച്ചു ഖത്തര്‍ വിനോദ സഞ്ചാരത്തിന്റെ പറുദീസയാകാനൊരുങ്ങുന്നു.(Qatar’s Simaisma Project to Feature Disney-Size Amusement Park) അല്‍ഭുതങ്ങള്‍ ഒളിപ്പിച്ച അമ്യൂസ്‌മെന്റ് പാര്‍ക്കുമായാണ് ഖത്തര്‍ വീണ്ടും ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത സിമൈസ്മ പദ്ധതി ഖത്തറിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണെന്നും നിരവധി തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
![]() |
|
ദോഹയില്‍ നിന്ന് 40 മിനിറ്റ് ഡ്രൈവ് ചെയ്താല്‍ വടക്കുഭാഗത്ത് സിമൈസ്മയില്‍ 2000 കോടി റിയാല്‍ ചിലവില്‍ നിര്‍മിക്കുന്ന പ്രോജക്റ്റ് മേഖലയില്‍ തന്നെ ഏറ്റവും വലിയ ടൂറിസം, വിനോദ പദ്ധതികളില്‍ ഒന്നാണ്. സിമൈസ്മ കടല്‍ത്തീരത്ത് 7 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടായിരം ഏക്കറിലാണ് പദ്ധതി ഒരുങ്ങുന്നത്. ലുസൈല്‍ സിറ്റി പോലെ ഖത്തറി ദിയാര്‍ നിര്‍മിക്കുന്ന മറ്റൊരു സുപ്രധാന പദ്ധതിയാണിത്.
ലോകോത്തര നിലവാരത്തിലുള്ള ഒരു അമ്യൂസ്മെന്റ് പാര്‍ക്കാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. 6,50,000 ചതുരശ്ര മീറ്ററില്‍ നിര്‍മിക്കുന്ന അമ്യൂസ്മെന്റ് പാര്‍ക്ക് അമേരിക്കയിലെ വാള്‍ട്ട് ഡിസ്‌നി പാര്‍ക്കിനെക്കാള്‍ വലുതായിരിക്കും. നാല് സോണുകളിലായി റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലയ്ക്കായി 16-ലധികം ടൂറിസ്റ്റ് പ്ലോട്ടുകള്‍ ഈ പ്രോജക്റ്റില്‍ നല്‍കും.
അന്താരാഷ്ട്ര ഗോള്‍ഫ് കോഴ്സ്, 300 റെസിഡന്‍ഷ്യല്‍ വില്ലകള്‍, ഒരു മറീന, ആഡംബര ഭക്ഷണശാലകളും കടകളും പ്രോജെക്ടില്‍ ഉള്‍പ്പെടുന്നു.
മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ, നിരവധി മന്ത്രിമാര്‍, പ്രമുഖര്‍, ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം, ടൂറിസം മേഖലകളിലെ വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
പദ്ധതി നിരവധി നിക്ഷേപകരെ ആകര്‍ഷിക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. എന്നാല്‍, പദ്ധതിയുടെ നിര്‍മ്മാണം എന്ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
2030ഓടെ ഖത്തറിന്റെ മൊത്തം ജിഡിപിയുടെ 12 ശതമാനം ടൂറിസം മേഖലയില്‍ നിന്ന് സൃഷ്ടിച്ചെടുക്കുക എന്നതാണ് വികസന പദ്ധതകളിലൂടെ ലക്ഷ്യമിടുന്നത്. 2022ലെ ഫിഫ ലോക കപ്പിന് ശേഷം ഖത്തറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്. ലോക കപ്പ് ഒരുക്കങ്ങള്‍ക്കായി 300 ബില്ല്യന്‍ ഡോളറാണ് ഖത്തര്‍ ചെലവഴിച്ചത്.