തിരുവനന്തപുരം: ആർ. ശ്രീലേഖയുടെ രാജിയും പിന്നാലെയുള്ള പിന്മാറ്റവും ബിജെപിക്കുള്ളിലെ രാഷ്ട്രീയ ചർച്ചകൾക്കൊപ്പം സോഷ്യൽ മീഡിയയിലും ചർച്ചയാകുന്നു. സെപ്റ്റംബർ 30ന് കൗൺസിലർ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നതായി മേയർ വി.വി. രാജേഷിന് കത്ത് നൽകിയ ശ്രീലേഖ, ഇക്കാര്യം വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയും അറിയിച്ചിരുന്നു. എന്നാൽ ബിജെപി നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചകൾക്ക് പിന്നാലെ രാജി തീരുമാനം പിൻവലിക്കുകയായിരുന്നു. രാജി അറിയിച്ചുകൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശവും പിന്നീട് ഡിലീറ്റ് ചെയ്തു.
|
ഇതിനിടെ ശ്രീലേഖ ആശുപത്രിയിൽ കഴിയുന്ന ചിത്രം ബിജെപി നേതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ആരോഗ്യപ്രശ്നങ്ങളാണ് പ്രധാന കാരണമെന്ന വിശദീകരണം നൽകുകയും ചെയ്തു. ജനപ്രതിനിധിയെന്ന നിലയിലെ ചുമതലകൾ ആരോഗ്യസ്ഥിതി കാരണം കൃത്യമായി നിർവഹിക്കാനാകുമോയെന്ന ആശങ്ക ശ്രീലേഖ പ്രകടിപ്പിച്ചിരുന്നുവെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് വിശദീകരിച്ചത്.
എന്നാൽ രാജി പ്രഖ്യാപിക്കുകയും പിന്നീട് പാർട്ടി നേതൃത്വവുമായി ചർച്ചകൾക്ക് ശേഷം തീരുമാനം പിൻവലിക്കുകയും ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. ആദ്യം ‘വ്യക്തിപരമായ കാരണങ്ങൾ’ ചൂണ്ടിക്കാട്ടിയ രാജിക്ക് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ പ്രധാന കാരണമെന്ന വിശദീകരണം വന്നതും, ചർച്ചകൾക്കൊടുവിൽ രാജി പിൻവലിച്ചതുമാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ശ്രീലേഖയുടെ രാജിക്ക് പിന്നിൽ കോർപ്പറേഷനുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അവ പാർട്ടി നേതൃത്വം ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിച്ചുവെന്നുമാണ് ബിജെപി വൃത്തങ്ങളിൽ നിന്നുള്ള വിശദീകരണം. മേയർ വി.വി. രാജേഷും ശ്രീലേഖ തുടർന്നും കൗൺസിലറായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
രാജി പ്രഖ്യാപനം മുതൽ പിന്മാറ്റം വരെയുള്ള സംഭവവികാസങ്ങൾക്കിടെ ഉയർന്ന സോഷ്യൽ മീഡിയ പരിഹാസങ്ങളും ചർച്ചകളും ഇനി ബിജെപി എങ്ങനെ വിശദീകരിക്കുമെന്നതിലേക്കാണ് ശ്രദ്ധ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





