17
Apr 2023
Sun
17 Apr 2023 Sun

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിമർശനത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ഡൽഹിയിലെ ഫ്‌ലാറ്റ് ഒഴിയുന്ന ചടങ്ങിൽ വൈകാരിക നിമിഷങ്ങൾ. ആദ്യമായി ലോക്സഭയിലേക്ക് അമേഠിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത് മുതൽ ഈ വീട്ടിലാണ് രാഹുൽ താമസിച്ചത്. പതിനെട്ടു വർഷവും എം.പിയായി രാജ്യത്തെ സേവനം ചെയ്തതു മുതൽ ഈ വീട്ടിൽ രാഹുൽ താമസിച്ചു. എം.പി സ്ഥാനത്ത്നിന്ന് അയോഗ്യനാക്കിയ വിധി വന്നു ഒരു മാസത്തിനകം തന്നെ രാഹുൽ വീടൊഴിഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തീർത്തും വൈകാരികമായിട്ടായിരുന്നു ഈ വീട്ടിൽനിന്ന് രാഹുൽ ഒഴിഞ്ഞത്. കുറച്ചു ദിവസമായി വീട്ടിൽനിന്നുള്ള സാധനങ്ങൾ രാഹുൽ മാറ്റിത്തുടങ്ങിയിരുന്നു. ഇന്നലെ രാവിലെ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ ഡൽഹിയിലെ വസതിയിലെത്തി. രണ്ടു വട്ടമാണ് ഇന്ന് പ്രിയങ്ക ഈ വീട്ടിലെത്തിയത്. രാഹുലിനൊപ്പം പ്രവർത്തിച്ചിരുന്ന ജീവനക്കാരെല്ലാം ബംഗ്ലാവിന്റെ വരാന്തയിൽ നിരന്നുനിന്നു. ശേഷം വീടിന്റെ പ്രധാനവാതിലിന്റെ ഒരു ഭാഗം പ്രിയങ്ക അടച്ചു. പ്രിയങ്ക വാതിൽ അടക്കുന്നത് ജീവനക്കാരുടെ മധ്യത്തിൽനിന്ന് രാഹുൽ നോക്കിനിന്നു. തുടർന്ന് തനിക്ക് ഇരുവശത്തുമായി നിൽക്കുകയായിരുന്ന ജീവനക്കാരോട് കൈ കൂപ്പി രാഹുൽ വാതിലിന് അടുത്തേക്ക് വന്നു. വാതിലിന്റെ മറുപാതി രാഹുലും അടക്കാൻ ശ്രമിച്ചു. ആദ്യശ്രമത്തിൽ സാധിച്ചില്ല. വീണ്ടും വാതിൽ അടച്ച് താക്കോലുപയോഗിച്ച് പൂട്ടി പുറത്തേക്ക് വന്നു. ജീവനക്കാരിൽ ഒരാൾക്ക് ചാവി കൈമാറി രാഹുൽ വീടുവിട്ടിറങ്ങി. അധികം വൈകാതെ രാഹുലിന്റെ പ്രസ്താവനയും വന്നു. ഇത് സത്യം പറഞ്ഞതിന് നൽകേണ്ടി വന്ന വിലയാണ്. ഇന്ത്യക്ക് നന്ദി. ഇന്ത്യക്ക് വേണ്ടി എന്തും സഹിക്കാൻ തയ്യാറാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക