പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചെന്നാരോപിച്ച് മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദീഖിനെതിരെ ഡല്‍ഹി പോലീസില്‍ പരാതി. ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ട് കേരള പോലീസ് ഇടപെടാത്ത സാഹചര്യത്തിലാണ് പരാതിക്കാരന് ഡല്‍ഹി പോലീസിനെ സമീപിച്ചത്.
|
കൊച്ചി സ്വദേശിയായ മാര്ട്ടിന് മേനാച്ചേരി സമര്‍പ്പിച്ച പരാതിയില്‍ നടപടിയെടുക്കാന്‍ ഡല്‍ഹീ പോലീസ് കമ്മീഷണര്‍ അനുരാഗ് കുമാര്‍ സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ അനില്‍ ശുക്ലയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപോര്‍ട്ട്.
വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് എന്തായിരുന്നു?
ഡല്‍ഹി ജന്ദര്‍ മന്ദറില്‍ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിലെ ഒരു പ്ലക്കാര്‍ഡിന്റെ ചിത്രമാണ് റൈഹാന സിദ്ദീഖ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ‘New Sex position called ‘Modi’ where you get on top and do nothing’ എന്ന് എഴുതിയ പ്ലക്കാര്‍ഡ് പ്രസ്തുത ഫോട്ടോയില്‍ ഉണ്ടായിരുന്നു.
കൊച്ചി സൈബര്‍ സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബി.എ. സുരേഷിന് മുന്നിലെത്തിയ പരാതിയില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതിക്കുകയായിരുന്നു. പോസ്റ്റില്‍ ‘മോദി’ എന്ന് മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളതെന്നും, രാജ്യത്ത് മോദി എന്ന് പേരുള്ള ഒരേയൊരു വ്യക്തി നരേന്ദ്ര മോദി മാത്രമല്ലെന്നുമായിരുന്നു എ.സി.പി നല്കിയ വിശദീകരണം. തുടര്‍ന്നാണ് പരാതിക്കാരന് ഡല്‍ഹി പോലീസിന്റെ മുന്നില്‍ പരാതിയുമായി എത്തിയത്. സ്വന്തം ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി മുസ്ലിംകള്‍ക്കെതിരേ നിരന്തരം വിദ്വേഷ പോസ്റ്റ് ഇടാറുള്ള കടുത്ത മോദി ഭക്തനാണ് പരാതിക്കാരനായ മാര്ട്ടിന് മേനാച്ചേരി.
ഫോട്ടോയിലെ അശ്ലീല പരാമര്‍ശം ശ്രദ്ധിച്ചിരുന്നില്ലെന്ന് സിദ്ദീഖ് കാപ്പന്
ഡല്‍ഹി സമരത്തിലെ വനിതകളുടെ ശ്രദ്ധേയ സാന്നിധ്യം സൂചിപ്പിച്ച് കൊണ്ടാണ് ഓണ്‍ലൈനില്‍ നിന്ന് കിട്ടിയ പ്രസ്തുത ഫോട്ടോ ഭാര്യ ഷെയര്‍ ചെയ്തതെന്ന് സിദ്ദീഖ് കാപ്പന് ന്യൂസ്ടാഗ് ലൈവിനോട് പറഞ്ഞു. ‘സ്ത്രീകള്‍ വെറും കാഴ്ച്ചക്കാരല്ല, ചരിത്രം മാറ്റിയെഴുതുന്നവരാണ്’ എന്നായിരുന്നു പോസ്റ്റിന്റെ തലക്കെട്ട്. അതില്‍ പ്രധാനമന്ത്രിക്കെതിരേ മോശമായ പരാമര്‍ശമുള്ള ചെറിയൊരു പോസ്റ്റര്‍ സമരക്കാരില്‍ ഒരാള്‍ പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചിരുന്നില്ല. ശ്രദ്ധയില്‍ പെട്ട ഉടനെ പോസ്റ്റില്‍ ആ ഭാഗം നീക്കം ചെയ്ത് റീപോസ്റ്റ് ചെയ്തിരുന്നുവെന്നും സിദ്ദീഖ് കാപ്പന് പറഞ്ഞു.
ഉംറ തീര്‍ത്ഥാടനത്തിനായി സുപ്രീം കോടതിയെ സമീപിച്ച് കാപ്പന്
ഇതിനിടെ, ഉംറ തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകാന്‍ പാസ്പോര്‍ട്ട് താത്കാലികമായി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സിദ്ദീഖ് കാപ്പന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി.
പാസ്പോര്‍ട്ട് വിട്ടുനല്‍കുക: രണ്ട് ആഴ്ചത്തെ തീര്‍ത്ഥാടനത്തിന് ശേഷം പാസ്പോര്‍ട്ട് തിരികെ സമര്‍പ്പിക്കാം എന്ന് ഹര്‍ജിയില്‍ പറയുന്നു. ബാങ്ക് അക്കൗണ്ടുകളും ഇ.പി.എഫ്.ഒ അക്കൗണ്ടുകളും മരവിപ്പിച്ചത് തന്റെ കുടുംബത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും അത് നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണസംഘം പിടിച്ചെടുത്ത ഫോണ്‍ അടക്കമുള്ള വ്യക്തിഗത വസ്തുക്കളും തിരിച്ചുകിട്ടണമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
Tags: Raihana Siddique Modi Post Controversy, Siddique Kappan Wife Facebook Post, Martin Menachery Complaint Delhi Police, Kerala Police Cyber Cell BA Suresh, National News Malayalam, News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





