ജയ്പൂര്‍: വൈഭവ് സൂര്യവംശിയുടെ മിന്നും സെഞ്ച്വറി കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് തകര്‍പ്പന്‍ ജയം നേടുമ്പോള്‍ പിറന്നത് ഒരുപിടി റെക്കോഡുകള്‍. 210 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം രാജസ്ഥാന്‍ 15.5 ഓവറില്‍ മറികടന്നു. ഇശാന്ത് ശര്‍മ, കരീം ജനാത്ത് ഉള്‍പ്പെടെയുള്ള ബൗളര്‍മാരെ തലങ്ങുംവിലങ്ങും തല്ലിച്ചതച്ച വൈഭവ് സൂര്യവംശിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
|
38 പന്തില്‍ 11 സിക്‌സും ഏഴു ഫോറുമുള്‍പ്പെടെ 101 റണ്‍സാണ് കേവലം 14 വയസ്സുകാരനായ വൈഭവ് അടിച്ചുകൂട്ടിയത്. 35 പന്തിലാണ് വൈഭവ് സെഞ്ചറി തികച്ചത്. ഇതോടെ ഐപിഎലില്‍ അര്‍ധ സെഞ്ച്വറി, സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമായി സൂര്യവംശി മാറി. ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. 30 പന്തില്‍ സെഞ്ച്വറി നേടിയ ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഏറ്റവും വേഗമേറിയ സെഞ്ച്വറിയുടെ റെക്കോഡ്. ഇത് മാത്രമാണ് വൈഭവിന്റെ കൈക്കരുത്തില്‍ ഇളക്കം തട്ടാതെ കിടന്ന റെക്കോഡ്. 14 വയസും 32 ദിവസവും മാത്രമാണ് വൈഭവിന്റെ പ്രായം.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ വൈഭവ് സൂര്യവഷിക്കൊപ്പം യശസ്വി ജയ്‌സ്വാളും മികച്ച തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. അഞ്ച് ഓവറില്‍ 81 റണ്‍സെടുത്ത കൂട്ടുകെട്ട് 10 ഓവറില്‍ 144 റണ്‍സെടുത്തു. ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ തന്നെ വൈഭവ് സൂര്യവംശി തകര്‍ത്തടിച്ചു. നേരിട്ട രണ്ടാം പന്ത് തന്നെ സിറാജിനെ അതിര്‍ത്തി കടത്തിയാണ് തുടങ്ങിയത്. രാജസ്ഥാന്റെ ഈ സീസണിലെ പ്രകടനങ്ങള്‍ കണ്ടവരാരും ജയ്പൂരില്‍ ഇങ്ങനെയൊരു റണ്‍ചേസ് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ആദ്യ ഓവറെറിഞ്ഞ മുഹമ്മദ് സിറാജിനെ ലോങ് ഓണിലൂടെ ഗാലറിയിലെത്തിച്ച വൈഭവ് ഗുജറാത്തിന് വലിയൊരു സിഗ്‌നല്‍ നല്‍കി. പിന്നീട് ഗുജറാത്ത് ബൗളര്‍മാരെ തലങ്ങും വിലങ്ങും വൈഭവ് പ്രഹരിച്ചു. ഇഷാന്ത് ശര്‍മ്മയുടെ ഓവറില്‍ മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറികളും സഹിതം വൈഭവ് 28 റണ്‍സാണ് നാലാം ഓവറില്‍ നേടിയത്. കരീം ജനാത്ത് എറിഞ്ഞ പത്താം ഓവറില്‍ മൂന്നു സിക്‌സും മൂന്നു ഫോറുമുള്‍പ്പെടെ 30 റണ്‍സും വൈഭവ് അടിച്ചുകൂട്ടി. പന്ത് പലപ്പോഴും ഗാലറിയിലും വിശ്രമിച്ചു. വൈഭവും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് 71 പന്തില്‍ 166 റണ്‍സാണ് അടിച്ചെടുത്തത്.
സീസണിലെ അതിവേഗഅര്‍ധസെഞ്ചുറിയാണ് താരം സ്വന്തമാക്കിയത്. വൈഭവ് 101 റണ്‍സെടുത്താണ് പുറത്തായത്.
Rajasthan Royals beat Gujarat Titans on the strength of Vaibhav Suryavanshi’s brilliant century


