നിസ് അറേബ്യയും എന്‍ കംഫര്‍ട്ടും സംയുക്തമായി സംഘടിപ്പിച്ച നിസ് അറേബ്യ ധമാക്ക 2കെ26′ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ റീം അല്‍ ഉല കിരീടം ചൂടി. മുശ്റിഫിലെ ഒളിംപിക്സ് വില്ലേജ് സ്റ്റേഡിയത്തില്‍ ജൂണ്‍ 18, 19 തീയതികളിലായി നടന്ന ടൂര്‍ണമെന്റില്‍ ആറ് ടീമുകളാണ് മാറ്റുരച്ചത്. എ ഗ്രൂപ്പില്‍ ബാന്‍ ബേക്കറി എഫ്.സി, ബ്ലാക്ക് റൈഡ് എഫ്.സി, ചാംസ് എഫ്.സി ടീമുകളും, ബി ഗ്രൂപ്പില്‍ അറബ് ഡ്രീം എഫ്.സി, റീം അല്‍ ഉല എഫ്.സി, സെവന് സ്റ്റാര്‍ എഫ്.സി ടീമുകളും മത്സരിച്ചു.
|
ബാന്‍ ബേക്കറി എഫ്.സിയും റീം അല്‍ ഉല എഫ്.സിയുമാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. സി.പി. സുഹൈര്‍, ദില്‍ഷാദ് അഹമ്മദ്, സുഹൈല്‍, ആശിഖ് എന്നിവര്‍ ഒരു വശത്തും, മുന്‍ഷിദ്, അക്മല്‍ ഖാന്, അല്‍മാസ് എന്നിവരടങ്ങിയ ശക്തമായ നിര മറുവശത്തും അണിനിരന്നപ്പോള്‍ ഫൈനല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായി മാറി. ദമ്മാമില്‍ നിന്നെത്തിയ പ്രഗത്ഭ താരങ്ങളുടെ സാന്നിധ്യവും മത്സരത്തിന് കൂടുതല്‍ മികവ് നല്കി.
ബാന്‍ ബേക്കറി എഫ് സിക്കെതിരേ സുഹൈല്‍ നേടിയ ഏക ഗോളിനാണ് റീം അല്‍ ഉല എഫ്.സി ജേതാക്കളായത്. ഫൈനലിന് ശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ ചാംപ്യന്മാരായ റീം അല്‍ ഉല എഫ്.സിക്കുള്ള ട്രോഫി എന്‍ കംഫര്‍ട്ട് ചെയര്മാന് അബ്ദുല്ലത്തീഫ് കാപ്പുങ്ങല്‍, നിസ് അറേബ്യ മാനേജിങ് ഡയറക്ടര്‍ നൗഷാദ് ചാത്തല്ലൂര്‍, നിസ് അറേബ്യ സി.ഇ.ഒ ഡോ. ഇന്ദു ചന്ദ്രശേഖരന്, മാസ്റ്റര്‍ മുഹമ്മദ് യസീന്‍ ലത്തീഫ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പായ ബാന്‍ ബേക്കറി എഫ്.സിക്കുള്ള ട്രോഫി റീഗല്‍ ഗ്രൂപ്പ് ചെയര്മാന് മുജീബ് റീഗലും നിസ് അറേബ്യ പ്രതിനിധികളും ചേര്‍ന്ന് നല്കി.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും ടോപ് സ്കോററുമായി തിരഞ്ഞെടുക്കപ്പെട്ടത് ബാന്‍ ബേക്കറി എഫ്സി യുടെ ദില്‍ഷാദ് അഹമ്മദും ,മികച്ച ഗോള്‍കീപ്പര്‍ ആയി ബാന്‍ ബേക്കറി എഫ്സി യുടെ ഇക്ബാലിനെയുമാണ് തിരഞ്ഞെടുത്തത് .ടൂര്‍ണമെന്റിനോടനുബന്ധിച്ച് 17 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച സൗഹൃദ മത്സരവും ശ്രദ്ധേയമായി. ഐ.ഐ.എസ് ജിദ്ദയും ടാലന്റ് എഫ്.സിയും തമ്മില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ഐ.ഐ.എസ് ജിദ്ദ വിജയിച്ചു.
ടൂര്‍ണമെന്റിന്റെ ആദ്യദിനത്തില്‍ നടന്ന കിക്കോഫ് ചടങ്ങില്‍ എന്‍ കംഫര്‍ട്ട് ഓപ്പറേഷന് മാനേജര്‍ സഹ്റാന്‍ സാലിഹ് അല്‍ ഗാംദി കിക്കോഫ് നിര്‍വഹിച്ചു. ചടങ്ങില്‍ എന്‍ കംഫര്‍ട്ട് ചെയര്മാന് അബ്ദുല്ലത്തീഫ് കാപ്പുങ്ങല്‍, റീഗല്‍ ഗ്രൂപ്പ് ചെയര്മാന് മുജീബ് റീഗല്‍, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്മാന് വി.പി. മുഹമ്മദാലി എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. സൗദി സ്പോര്‍ട്സ് അതോറിറ്റി പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഫിഫയും സൗദി സ്പോര്‍ട്സ് അതോറിറ്റിയും അംഗീകരിച്ച റഫറിമാരായിരുന്നു കളികള്‍ നിയന്ത്രിച്ചത്. സൗദി ഫുട്ബോള്‍ സംവിധാനത്തിന്റെ കീഴിലുള്ള ലൈസന്‍സ്ഡ് റഫറിമാരുടെ സാന്നിധ്യം മത്സരങ്ങള്‍ക്ക് കൂടുതല്‍ പ്രഫഷണല്‍ നിലവാരം നല്കി. ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ റഫറിയിംഗ് ഓരോ മത്സരവും സുതാര്യവും നിയന്ത്രിതവുമായതാക്കി മാറ്റി. ടൂര്‍ണമെന്റിന്റെ വീഡിയോ, സ്കോര്‍ബോര്‍ഡ്, ടെക്നിക്കല്‍ സംവിധാനങ്ങള്‍ മാസ്റ്റര്‍ ഷയാന്‍ നൗഷാദ് കൈകാര്യം ചെയ്തു.
റാഫി ബീമാപ്പള്ളി, എന്‍ജിനീയര്‍ ജുനൈദ്, സ്നേഹ സാം എന്നിവര്‍ പരിപാടിയുടെ അവതാരകരായി. നിസ് അറേബ്യ സി.ഇ.ഒ ഡോ. ഇന്ദു ചന്ദ്രശേഖരനും മാനേജിങ് ഡയറക്ടര്‍ നൗഷാദ് ചാത്തല്ലൂറും നേതൃത്വം നല്കിയ സംഘാടക സമിതിയില്‍ അയ്യൂബ് മുസലിയാരകത്ത്, നാസര്‍ ശാന്തപുരം, ഷമീം അയ്യൂബ്, റംല , റാഫി ബീമാപ്പള്ളി, ജുനൈസ് യൂനുസ്, അബു കട്ടുപ്പാറ, നൗഷാദ് പാല ക്കല്‍ , സത്താര്‍ പരിയാരം, ജംഷി, ഇസ്ഹാഖ് കോട്ടപ്പുറം , ഇസ്ഹാഖ് പരപ്പനങ്ങാടി , മുഹ്സിന് എന്‍ കംഫര്‍ട്ട്, ഉവൈസ്, റാഫി ആലുവ, മജീദ് ,അഷ്റഫ് ചുക്കന്‍,സഫീര്‍ കോട്ടപ്പുറം,ശിഹാബ് എന്നിവരാണ് ടൂര്‍ണമെന്റിന്റെ മുഴുവന്‍ ഒരുക്കങ്ങളും നിര്‍വഹിച്ചത് കൂടാതെ, ജിദ്ദയിലെ കാല്‍പ്പന്ത് മത്സരങ്ങളുടെ സ്ഥിരസാന്നിധ്യങ്ങളായ കായികപ്രവര്‍ത്തകരും പരിപാടിയുടെ ഏകോപനത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്നു.
എന്‍-കംഫര്‍ട്ട് ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകരായിരുന്നു. റീഗല്‍ ഗോള്‍ഡ് & ഡയമണ്ട്സ്, റീം അല്‍ ഉല ട്രേഡിങ്ങ് കമ്പനി യാംബോ, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍, മാക്ക് അറേബ്യയ കമ്പനി,അല്‍മാസ് -ഷിഫാ ബവാദി മെഡിക്കല്‍ ഗ്രൂപ്,എമറാള്‍ഡ് ബിസിനസ്സ് ഗ്രൂപ് എന്നിവര്‍ സഹ പ്രായോജകരായി.



