കൊച്ചി: ബന്ധുക്കള്‍ തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 19 മാസമായി യു.എ.ഇയിലെ അജ്മാന്‍ ഫൊറന്‍സിക് ലബോറട്ടറിയില്‍ നിശ്ചലമായി കിടന്ന പ്രവാസിയുടെ മൃതദേഹം ഒടുവില്‍ ജന്മനാട്ടിലേക്ക് കൊണ്ടുവരുന്നു. കൊല്ലം ശാസ്താംകോട്ട സ്വദേശി റോബര്‍ട്ട് ഫ്രാന്‍സിസ് സഹായന്റെ (71) മൃതദേഹം നാട്ടിലെത്തിച്ച് മതാചാരപ്രകാരം കുടുംബക്കല്ലറയില്‍ സംസ്‌കരിക്കാനാണ് കേരള ഹൈക്കോടതി നിര്‍ണ്ണായക ഉത്തരവിട്ടത്.
|
പ്രധാന വിവരങ്ങൾ (Key Highlights)
- 19 മാസത്തെ കാത്തിരിപ്പ്: ബന്ധുക്കൾ തമ്മിലുള്ള തർക്കം കാരണം 2025 മാർച്ച് 26 മുതൽ യു.എ.ഇ അജ്മാനിലെ ഫൊറൻസിക് ലബോറട്ടറിയിൽ സൂക്ഷിച്ചിരുന്ന റോബർട്ട് ഫ്രാൻസിസ് സഹായന്റെ (71) മൃതദേഹം നാട്ടിലെത്തിക്കാൻ ഹൈക്കോടതി ഉത്തരവ്.
- മതാചാരപ്രകാരം സംസ്കാരം: മൃതദേഹം നാട്ടിലെത്തിച്ച് ശാസ്താംകോട്ട സെന്റ് ആൻഡ്രൂസ് പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കാൻ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ നിർദ്ദേശം നൽകി.
- പോലീസ് സംരക്ഷണം: സംസ്കാരച്ചടങ്ങിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഉത്തരവിലുണ്ട്.
- 4 ദിവസത്തിനകം ചടങ്ങുകൾ: വിദേശകാര്യ മന്ത്രാലയവും ദുബായ് ഇന്ത്യൻ കോൺസുലേറ്റും ചേർന്ന് മൃതദേഹം നാട്ടിലെത്തിക്കണം. ഏറ്റുവാങ്ങി 4 ദിവസത്തിനുള്ളിൽ സംസ്കാരം പൂർത്തിയാക്കണം.
മരണപ്പെട്ട വ്യക്തിക്ക് മരണശേഷവും അര്‍ഹമായ ആദരവോടെയുള്ള സംസ്‌കാരം ലഭിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഈ ഇടപെടല്‍.
19 മാസം നീണ്ട വിചിത്ര തര്‍ക്കം
2025 മാര്‍ച്ച് 26-നാണ് റോബര്‍ട്ട് ഫ്രാന്‍സിസ് യു.എ.ഇയില്‍ ജീവനൊടുക്കുന്നത്. അവിവാഹിതനായ ഇയാളുടെ മൃതദേഹം എവിടെ സംസ്‌കരിക്കണം എന്നതിനെച്ചൊല്ലി അടുത്ത ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കത്തിലാവുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിച്ച് ശാസ്താംകോട്ട സെന്റ് ആന്‍ഡ്രൂസ് പള്ളിയിലെ കുടുംബക്കല്ലറയില്‍ അടക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരീപുത്രി മേരി വിക്ടോറിയ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ റോബര്‍ട്ടിന്റെ അനന്തരവനായ ജോണ്‍സണ്‍ ഫിലിപ്‌സ് മൃതദേഹം യു.എ.ഇയില്‍ തന്നെ സംസ്‌കരിക്കണമെന്ന കര്‍ശന നിലപാടിലായിരുന്നു.
ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കവും അനുമതി പത്രങ്ങളിലെ നിയമക്കുരുക്കും കാരണം മൃതദേഹം വിട്ടുകിട്ടാന്‍ വൈകുകയാണെന്ന് വിദേശകാര്യ മന്ത്രാലയവും വിദേശകാര്യ പ്രതിനിധികളും കോടതിയെ അറിയിച്ചു.
തടസ്സങ്ങള്‍ മാറ്റാന്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍
കേസ് കോടതിയില്‍ എത്തിയപ്പോള്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ഇരുവിഭാഗവും വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.
എങ്കിലും വീണ്ടും തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരാതിരിക്കാനും മാന്യമായ രീതിയില്‍ സംസ്‌കാരം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമായി വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ വിധി പുറപ്പെടുവിക്കുകയായിരുന്നു:
വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല: വിദേശകാര്യ മന്ത്രാലയവും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ഏകോപിച്ച് മൃതദേഹം ഉടന്‍ കേരളത്തിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം.
സംസ്‌കാരം 4 ദിവസത്തിനകം: ഹര്‍ജിക്കാരി മൃതദേഹം ഏറ്റുവാങ്ങി നാല് ദിവസത്തിനകം ശാസ്താംകോട്ട പള്ളിയില്‍ മതാചാരപ്രകാരം സംസ്‌കരിക്കണം.
എല്ലാവര്‍ക്കും പങ്കെടക്കാം: തര്‍ക്കത്തിലുണ്ടായിരുന്ന ജോണ്‍സണ്‍ ഫിലിപ്‌സിനും കുടുംബാംഗങ്ങള്‍ക്കും സംസ്‌കാര ചടങ്ങുകളില്‍ പൂര്‍ണ്ണമായി പങ്കെടുക്കാം.
പോലീസ് സുരക്ഷ: സംസ്‌കാരച്ചടങ്ങുകള്‍ക്കിടയില്‍ ക്രമസമാധാന പ്രശ്‌നങ്ങളോ തടസ്സങ്ങളോ ഉണ്ടാകാതിരിക്കാന്‍ പോലീസ് ആവശ്യമായ സുരക്ഷയൊരുക്കണം.
കേസില്‍ തുടര്‍നടപടികള്‍ നിരീക്ഷിക്കുന്നതിനായി ഹര്‍ജി നവംബര്‍ 26-ലേക്ക് മാറ്റിയിട്ടുണ്ട്. കോടതിയുടെ ഉത്തരവോടെ ഒന്നരവര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ റോബര്‍ട്ട് ഫ്രാന്‍സിന് ജന്മനാട്ടില്‍ അന്ത്യവിശ്രമം ഒരുങ്ങുകയാണ്.
Tags: Robert Francis Sahayan UAE Body, Kerala High Court Order Body Repatriation, Justice PV Kunhikrishnan Order, Kollam Sasthamkotta Pravasi Death, Pravasi News Malayalam, News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





