22
Sep 2022
Thu
22 Sep 2022 Thu

രാജ്യത്തുടനീളം ആർഎസ്എസ് നിരവധി ബോംബാക്രമണങ്ങൾ സംഘടിപ്പിച്ചതായും ബോംബ് പരിശീലനം നടത്തുന്നതായും വെളിപ്പെടുത്തൽ. ആർഎസ്എസ് പ്രവർത്തകനായ യശ്വന്ത് ഷിൻഡെ മഹാരാഷ്ട്രയിലെ നന്ദേഡ് കോടതി മുമ്പാകെയാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഹിന്ദുത്വ സംഘടനകൾ പ്രതിസ്ഥാനത്തുള്ള നന്ദേഡ് സ്‌ഫോടന കേസിൽ കക്ഷിചേർക്കണമെന്നാവശ്യപ്പെട്ടാണ് ഷിൻഡെ കോടതിയെ സമീപിച്ചത്. ആർഎസ്എസിന്റെ ബോംബ് നിർമാണ പരിശീലനങ്ങളിലും ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ചർച്ചകളിലും താൻ പങ്കെടുത്തുവെന്ന് ഷിൻഡെ കോടതിയിൽ പറഞ്ഞു. 

 

2004 തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയിൽ നൂറുകണക്കിന് സ്‌ഫോടനങ്ങൾ നടത്താനായിരുന്നു ആർഎസ്എസ് പദ്ധതി. എന്നാൽ ബോംബ് നിർമാണ പരിശീലന ക്യാംപിൽ പങ്കെടുത്ത ചിലരെ ഞാൻ പിന്തിരിപ്പിച്ചതിനാൽ പലതും നടക്കാതെ പോയി. ബിജെപിക്ക് അധികാരത്തിലേറാനാണ് സ്‌ഫോടനങ്ങൾ ആസൂത്രണംചെയ്തത്. 
പൂനെയിലെ സിൻഹാദ് കോട്ടയ്ക്കു സമീപമാണ് ആദ്യ പരിശീലനം നടന്നതെന്ന് ഷിൻഡേ വെളിപ്പെടുത്തി. അതിലെ ഇൻസ്ട്രക്ടർമാരായിരുന്ന വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി മിലിന്ദ് പരാന്ദെ, മിഥുൻ ചക്രവർത്തി എന്ന രവി ദേവ്, ഹിമാൻഷു പാൻസെ, രാകേഷ് ധവാദെ എന്നിവരാണ് ആക്രമണങ്ങളുടെയെല്ലാം മുഖ്യ ആസൂത്രകർ. 

 

ഇവർ ഒളിവിലിരുന്ന് സ്‌ഫോടനങ്ങൾ സംഘടിപ്പിച്ചു. പൊലിസിലെ ഒരുവിഭാഗം ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും സഹായത്തോടെ മുസ്‌ലിംകളെ കുറ്റപ്പെടുത്തി. ഇത് 2014ൽ ബിജെപിയെ അധികാരത്തിലെത്തിച്ചു. രാജ്യത്തുടനീളം അവിശ്വാസം വളർത്താനായി ഇത്തരത്തിൽ വിധ്വംസക, ഭരണഘടനാവിരുദ്ധമായ പ്രവർത്തനങ്ങൾ ഇപ്പോഴും ബംഗാളിലും കശ്മീരിലും യുപിയിലും തുടരുന്നുണ്ട്. മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ മലേഗാവിൽ സ്‌ഫോടനം നടത്തിയ കേസിൽ പ്രതിയായി ജയിലിൽ കിടന്ന വ്യക്തിയാണ് രാകേഷ് ധവാദെ.

 

ആർഎസ്എസിന് കീഴിലുള്ള മുസ്‌ലിം രാഷ്ട്രീയ മഞ്ച് നേതാവ് ഇന്ദ്രേഷ് കുമാറിനെ ജമ്മുവിലും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെ കൊൽക്കത്തയിലും സന്ദർശിച്ച കാര്യം തിയതികൾ സഹിതം ഷിൻഡെ ഓർമിപ്പിച്ചു. ഇന്ത്യൻ സൈന്യത്തിൽ നിന്നുള്ള ആധുനിക ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലിപ്പിച്ച കാര്യവും ഹരജിയിലുണ്ട്. പരിശീലനശേഷം വനപ്രദേശങ്ങളിൽ പോയി ബോംബുകൾ പരീക്ഷിച്ചു. ഹിന്ദുമതം മഹത്തരമാണ്. ഹിന്ദുക്കൾക്ക് ഭീകരതയുമായി ഒത്തുപോകാനാവില്ല.

 

പക്ഷേ വിഎച്ച്പി, ആർഎസ്എസ്, ബജ്‌റംഗ്ദൾ എന്നീ സംഘടനകൾ ബിജെപിയുടെ രാഷ്ട്രീയനേട്ടത്തിന് വേണ്ടി ഭീകരപ്രവർത്തനങ്ങളിലേർപ്പെടുകയാണ്. രാഷ്ട്രീയലാഭത്തിനു വേണ്ടി നിരപരാധികളായ ഹിന്ദുക്കളെയും മുസ്‌ലിംകളെയും ക്രൈസ്തവരെയും കൊന്നൊടുക്കാനാണ് ആർഎസ്എസ് ശ്രമിച്ചതെന്നും ഹിന്ദുമതത്തോടുള്ള സ്‌നേഹമാണ് ഈ വൈകിയ വേളയിൽ ഇത്തരത്തിലൊരു ഹരജി നൽകാൻ പ്രേരിപ്പിച്ചതെന്നും ഷിൻഡെ കൂട്ടിച്ചേർത്തു. ഇന്ദ്രേഷ് കുമാറിന്റെ നിർദേശപ്രകാരം ജമ്മുവിൽ പ്രവർത്തിച്ചുവരുന്നതിനിടെ 1995 ൽ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ മുഖത്തടിച്ച കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് ഷിൻഡെ.