07
Oct 2023
Sun
07 Oct 2023 Sun

മിന്നും ഫോമില്‍, 3 ഗോളുകള്‍ക്ക് വഴിയൊരുക്കി, സഹലിന്റെ കരുത്തില്‍ മോഹന്‍ ബഗാന് ജയം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ മിന്നും ഫോമില്‍ ഐഎസ്എല്ലില്‍ തകര്‍പ്പന്‍ ജയവുമായി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെന്നൈന്‍ എഫ്.സിയെ മോഹന്‍ ബഗാന്‍ അവരുടെ സ്‌റ്റേഡിയത്തില്‍ തോല്‍പ്പിച്ചു. മോഹന്‍ ബഗാന്റെ മൂന്ന് ഗോളുകള്‍ക്കും വഴിയൊരുക്കിയത് സഹല്‍ ആയിരുന്നു. സഹല്‍ തന്നെയാണ് കളിയിലെ താരവും. നിരവധി ഗോളവസരങ്ങള്‍ സഹല്‍ മത്സരത്തിലുടനീളം തുറന്നുകൊണ്ടിരുന്നു. രണ്ട് അസിസ്റ്റുകള്‍ സഹല്‍ മോഹന്‍ ബഗാനായി നടത്തി. ഒരുഗോളിന് വഴിയൊരുക്കുകയും ചെയ്തു.

മത്സരത്തിന്റെ തുടക്കം മോഹന്‍ ബഗാന്‍ പന്തിനെ നിയന്ത്രിച്ചു. ചെന്നൈന്റെ മൈതാനത്തില്‍ മോഹന്‍ ബഗാന്‍ താരങ്ങള്‍ നിറഞ്ഞാടി. ദിമിത്രി പെട്രാറ്റോസിന്റെ ഗോള്‍ 22ാം മിനിറ്റില്‍ ഉണ്ടായി. സഹലിന്റെ ടച്ച് ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ പെട്രോറ്റോസ് ചെന്നൈന്‍ വലയിലേക്ക് എത്തിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മോഹന്‍ ബഗാന്‍ ലീഡുയര്‍ത്തി. ഇത്തവണയും സഹലിന്റെ കാലുകളാണ് ഗോളിന് വഴിയൊരുക്കിയത്. മോഹന്‍ ബഗാന്റെ അപകടകാരിയായ ജേസണ്‍ കമ്മിംഗ്‌സ് അനായാസം പന്ത് വലയിലേക്ക് തട്ടിയിട്ടു. ആദ്യ പകുതിയില്‍ 68 ശതമാനം സമയവും പന്തിനെ നിയന്ത്രിച്ചത് മോഹന്‍ ബഗാനായിരുന്നു. 11 ഷോട്ടുകള്‍ ബഗാന്‍ എടുത്തപ്പോള്‍ ചെന്നൈന്‍ താരങ്ങള്‍ക്ക് മൂന്ന് ഷോട്ട് മാത്രമായിരുന്നു എടുക്കാന്‍ കഴിഞ്ഞത്.

ചെന്നൈയിന്‍ മുന്നേറ്റങ്ങളോടെ രണ്ടാം പകുതിക്ക് തുടക്കമായി. 55ാം മിനിറ്റില്‍ റാഫേല്‍ ക്രിവെല്ലാരോ ചെന്നൈന്റെ ആദ്യ ഗോള്‍ നേടി. തിരിച്ചുവരവിന്റെ ആഘോഷം തീരും മുമ്പെ മോഹന്‍ ബഗാന്‍ ചെന്നൈന്‍ വലചലിപ്പിച്ചു. വീണ്ടും സഹലാണ് ഗോളിലേക്ക് വഴിയൊരുക്കിയത്. മത്സരത്തിലെ സഹലിന്റെ രണ്ടാം അസിസ്റ്റായിരുന്നു അത്. ഗോള്‍ നേടിയത് മന്‍വീര്‍ സിങ്.

മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 9 പോയിന്റുമായി മോഹന്‍ ബഗാന്‍ ലീഗില്‍ ഒന്നാമത് നില്‍ക്കുകയാണ്. കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് ചെന്നൈയിന്‍ ലീഗില്‍ അവസാന സ്ഥാനത്താണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക