ലോകറെക്കോഡ് നേടുന്നതിനായി 12000ത്തിലേറെ നര്‍ത്തകരെ ഉള്‍ക്കൊള്ളിച്ച് കലൂര്‍ സ്റ്റേഡിയത്തിലെ മൃദംഗമിഷന്‍ സംഘടിപ്പിച്ച മെഗാ നൃത്ത പരിപാടിയില്‍ പങ്കെടുത്തവരെ കബളിപ്പിച്ച് 1.51 കോടി രൂപയുടെ തട്ടിപ്പ് സാരിയില്‍ മാത്രം നടത്തിയെന്ന് വ്യക്തമാക്കുന്ന തെളിവ് പുറത്തുവിട്ട് കല്യാണ്‍ സില്‍ക്‌സ്. മൃദംഗവിഷന്‍ ആവശ്യപ്പെട്ടതു പ്രകാരം 390 രൂപാ വീതം ഈടാക്കി 12500 സാരികളാണ് തങ്ങള്‍ തയ്യാറാക്കി നല്‍കിയതെന്ന് കല്യാണ്‍ സില്‍ക്‌സ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. തങ്ങളുടെ ഉത്പന്നങ്ങള്‍ ഇത്തരം ചൂഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ കടുത്ത അതൃപ്തിയുണ്ട്. വിവാദങ്ങളിലേക്ക് തങ്ങളുടെ പേര് വലിച്ചിഴക്കരുതെന്നും കല്യാണ്‍ സില്‍ക്‌സ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു..
|
സാരിക്ക് സംഘാടകര്‍ 1600 രൂപ ഈടാക്കിയെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ലോകറെക്കോഡ് പ്രകടനത്തിനായി തെറ്റിദ്ധരിപ്പിച്ചാണ് പങ്കെടുപ്പിച്ചതെന്ന് പങ്കെടുത്തവരില്‍ പലരും പിന്നീട് പ്രതികരിച്ചിരുന്നു. 5000ഉം 7000ഉം രൂപയ്ക്ക് മുകളില്‍ ഓരോരുത്തരില്‍ നിന്നുമായി സംഘാടകര്‍ ഈടാക്കിയിരുന്നു. ഇതിനു പുറമേ നൃത്തം കാണുന്നതിനായി കാണികളില്‍ നിന്ന് 500 രൂപ വീതവും ഈടാക്കി. സിനിമാ താരവും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയായിരുന്നു നൃത്തം ചിട്ടപ്പെടുത്തിയത്. നൃത്തപരിപാടിയില് 100 ശിഷ്യരെ പങ്കെടുപ്പിച്ചാല് സ്വര്ണനാണയം അധ്യാപകര്ക്കു നല്കുമെന്ന് വാഗ്ദാനവും സംഘാടകര് നല്കിയിരുന്നുവെന്ന വിവരവും ഇതിനിടെ പുറത്തുവന്നു.
പങ്കെടുക്കുന്നവര്‍ക്കെല്ലാം ലോകറെക്കോഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും കേരളമാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന രീതിയിലായിരുന്നു സംഘാടകര്‍ ഇത്തരമൊരു പരിപാടിയിലേക്ക് തങ്ങളെ ആകര്‍ഷിപ്പിച്ചതെന്നും കഴിഞ്ഞദിവസം പങ്കെടുത്ത നര്‍ത്തകിയുടെ അമ്മ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. പരിപാടി നടക്കുന്ന സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് ഉമാ തോമസ് എംഎല്‍എ താഴേക്ക് വീണ് പരിക്കേറ്റതോടെയാണ് മൃദംഗനാദത്തിനു പിന്നിലെ ക്രമക്കേടുകള്‍ പുറത്തുവന്നത്. പരിപാടിയില്‍ ഗുരുതര വീഴ്ച വരുത്തിയ മൃദംഗ വിഷന്‍ സിഈ ഷമീര്‍ അബ്ദുല്‍ റഹീമിനെ അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ള സംഘാടകരോട് കീഴടങ്ങാന് ഹൈക്കോടതി നിര്ദേശം നല്കിയിട്ടുണ്ട്.
ALSO READ: ഉമ തോമസ് കണ്ണ് തുറന്നു, കൈ കാലുകള്‍ അനക്കി; ആരോഗ്യനിലയില്‍ പുരോഗതി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





