വാര്‍ധക്യത്തിലും ചെറുപ്പം സൂക്ഷിക്കുന്ന ഗ്രാമവാസികള്‍. രോഗങ്ങളോ അവശതകളോ ഇല്ലാതെ ചുറുചുറുക്കോടെ ഓടി നടക്കുന്നവര്‍.(Secrets of Elvish honey Turkish mountain honey) ഇവരുടെ ആരോഗ്യത്തിന്റെ രഹസ്യം തേടി ചെല്ലുമ്പോഴാണ് എല്‍വിഷ് തേനി(മാഡ് ഹണി)ന്റെ മഹത്വമറിയുന്നത്.
|
വടക്കുകിഴക്കന്‍ തുര്‍ക്കിയിലെ കക്കര്‍ മലനിരകളും കോകേഷ്യന്‍ മലനിരകളും സന്ധിക്കുന്ന മേഖലയിലാണ് മധുരമൂറുന്ന ആഡംബരതേന്‍ വിളയുന്നത്. കിലോയ്ക്ക് ആറുലക്ഷത്തോളം രൂപയാണു വില.
കരിങ്കടല്‍ മേഖലയായ അര്‍ഹാവിയില്‍, പുറംലോകത്തിന്റെ സ്പര്‍ശമേല്‍ക്കാത്ത പര്‍വതങ്ങളില്‍ കൂടുകൂട്ടുന്ന കാട്ടുതേനീച്ചകളാണ് എല്‍വിഷ് തേനിന്റെ സ്രോതസ്സ്. ഔഷധഗുണമുള്ളതും തദ്ദേശീയവുമായ സസ്യങ്ങളില്‍ പരാഗണം നടത്തുന്ന കൊക്കേഷ്യന്‍ കാട്ടുതേനീച്ചകളുടെ കോളനിയില്‍ നിന്നാണ് നാട്ടുകാര്‍ ഈ തേന്‍ സംഭരിക്കുന്നത്.
നൂറ്റാണ്ടുകളായി ‘ദൈവങ്ങളുടെ അമൃത്’ എന്നാണ് എല്‍വിഷ് തേന്‍ അറിയപ്പെടുന്നത്. ബിസി 17-ാം നൂറ്റാണ്ടിലെ തുര്‍ക്കിയിലെ ‘കോള്‍ച്ചിസ് സാമ്രാജ്യ’കാലം തൊട്ട് പ്രശസ്തമാണ്. പുരാതന ലാസ് ഗോത്രങ്ങള്‍ രോഗം സുഖപ്പെടുത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വാര്‍ധക്യത്തെ ചെറുക്കാനും ലൈംഗികശക്തി വര്‍ധിപ്പിക്കാനുമെല്ലാം ഈ തേന്‍ ഉപയോഗിക്കാറുണ്ടായിരുന്നത്രേ. പൂവിന്റെ പ്രത്യേകമായ സുഗന്ധമാണ് ‘മാഡ് ഹണി’ എന്നും അറിയപ്പെടുന്ന ഈ തേനിന്.
ആന്റിഓക്‌സിഡന്റുകള്‍, പോളിഫെനോള്‍സ്, ഫ്ലേവനോയ്ഡുകള്‍, പ്രോലിന്‍ എന്നിവയാല്‍ സമ്പന്നമാണ് തേന്‍. റോഡോഡെന്‍ഡ്രോണ്‍ പൂക്കളില്‍ നിന്നാണ് തേനീച്ചകള്‍ പ്രധാനമായും തേനെടുക്കുന്നത്. ചില പൂക്കളുടെ തേനില്‍ ഗ്രയാനോടോക്സിന്‍ എന്ന പ്രകൃതിദത്ത ന്യൂറോടോക്സിന്‍ അടങ്ങിയിട്ടുണ്ടെന്ന് ഉത്പാദകര്‍ അവകാശപ്പെടുന്നു.
കൊക്കേഷ്യന്‍ മൗണ്ടന്‍ ഗ്രേ തേനീച്ചകളാണ് ഈ തേന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കരിങ്കടല്‍ കൊക്കേഷ്യന്‍ ഗ്രേ തേനീച്ചയുടെ ജന്മദേശമാണ്. സങ്കീര്‍ണ്ണമായ കാലാവസ്ഥയാണ് ഈ ഇനത്തിന്റെ ശക്തമായ പരിണാമത്തിനു വഴിയൊരുക്കിയത്.
ശരാശരി 7.2 മില്ലിമീറ്ററാണ് കൊക്കേഷ്യന്‍ തേനീച്ചയുടെ നീളം. നാവിന് നീളമുള്ളതിനാല്‍ എതിരാളികളേക്കാള്‍ ആഴത്തില്‍ പൂവിനുള്ളില്‍ നിന്ന് തേന്‍ ശേഖരിക്കാന്‍ സാധിക്കും.
പ്രകൃതിദത്തമായ രീതിയില്‍ മായങ്ങളില്ലാതെ ഉത്പാദിപ്പിക്കുന്നതിനാല്‍ വളരെ കുറഞ്ഞ അളവിലേ ഓരോ കൊല്ലവും തേന്‍ കിട്ടാറുള്ളൂവെന്ന് ഉത്പാദകര്‍ പറയുന്നു. മലമുകളില്‍ സാഹസികമായി കയറിപ്പറ്റിയാണ് ഓരോ തുള്ളി തേനും ശേഖരിക്കുന്നത്.
2023-ല്‍ എല്‍വിഷ് ഹണി പത്തു കിലോയില്‍ താഴെ മാത്രമാണ് ഉത്പാദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വിളവെടുപ്പില്‍ 150 മില്ലി ബോട്ടിലിന്റെ വില 1,033 ഡോളറാണ് (ഏകദേശം 88000 രൂപ). കിലോഗ്രാമിന് ആറുലക്ഷത്തോളം രൂപയും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





