കോഴിക്കോട്: സീനിയർ ജേണലിസ്റ്റ്സ് ഫോറം- കേരള സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് പ്രൗഡോജ്വല തുടക്കം. ടൗൺ ഹാളിൽ മുതിർന്ന പത്രപ്രവർത്തകൻ പി കെ മുഹമ്മദ് പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്കു തുടക്കമായത്. സംസ്ഥാന പ്രസിഡന്റ് അഡ്വ. വി പ്രതാപചന്ദ്രന്റെ അധ്യക്ഷത വഹിച്ചു. മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.
|
കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീത, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ, അഡ്വ എം രാജൻ , സീനിയർ ജേണലിസ്റ്റ്സ് ഫോറം- കേരള ജനറൽ സെക്രട്ടറി എം മാധവൻ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ സി.എം.കൃഷ്ണ പണിക്കർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹരിദാസൻ പാലയിൽ നന്ദിയും പറഞ്ഞു.ചലച്ചിത്ര ഗാന രചയിതാവ് നിധീഷ് നടേരി എഴുതി സായി ബാലൻ സംഗീതം പകർന്ന സ്വാഗത ഗാനം ചടങ്ങിൽ ആലപിച്ചു.
എൺപത് പിന്നിട്ട പത്രപ്രവർത്തകരായ വി.അശോകൻ, ആർ. ശ്രീനിവാസൻ , പി.ഗോപി, കെ.അബ്ദുള്ള, സി.എം.കൃഷ്ണ പണിക്കർ , സി.രാജൻ, പി.പി.കെ ശങ്കർ എന്നിവരെ ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി കെ.രാജൻ പൊന്നാട അണിയിച്ച് ആദരിച്ചു. പുതിയ തലമുറയിലെ പത്ത് ജേണലിസം വിദ്യാർഥികൾ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിരാത് തെളിയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ജനാധിപത്യവും മാധ്യമങ്ങളും എന്ന വിഷയത്തിൽ നടന്ന മാധ്യമ സെമിനാർ ഡോ.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. പി.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഡോ. നടുവട്ടം സത്യശീലൻ വിഷയം അവതരിപ്പിച്ചു. എൻ.ശ്രീകുമാർ പ്രസംഗിച്ചു. ഹരിദാസൻ പാലയിൽ സ്വാഗതവും സി.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.



