16 മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയ; താന്‍സാനിയന്‍ സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പ്പെടുത്തി സൗദി ഡോക്ടര്‍മാര്‍
|
റിയാദ്: 16 മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയക്കൊടുവില്‍ താന്‍സാനിയന്‍ സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പ്പെടുത്തി സൗദി അറേബ്യന്‍ ഡോക്ടര്‍മാര്‍. താന്‍സാനിയന്‍ സയാമീസ് ഇരട്ടകളായ ഹസനും ഹുസൈനും ആണ് ഇതോടെ വ്യത്യസ്ത ശരീരമുള്ള രണ്ട് വ്യക്തികളായത്. റിയാദ് സ്പെഷലിസ്റ്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ഒമ്പത് ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടന്നത്.
കുട്ടികളുടെ ആരോഗ്യനില ആശ്വാസകരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടു വയസ്സുള്ള കുട്ടികള്‍ക്ക് 13.5 കിലോഗ്രാം ഭാരവുമുണ്ട്. പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക് യൂറോളജി, പ്ലാസ്റ്റിക് സര്‍ജറി, ഓര്‍ത്തോപീഡിക് വിഭാഗങ്ങളില്‍നിന്നുള്ള 35 കണ്‍സള്‍ട്ടന്റുമാരും വിദഗ്ധരും ഇതില്‍ പങ്കാളികളായി. നെഞ്ചിനു താഴെ, വയര്‍, ഇടുപ്പ്, കരള്‍, മൂത്രനാളി, കുടല്, ഒരു പ്രത്യുല്പാദന അവയവം എന്നിങ്ങനെയുള്ള ഇവരുടെ ശരീരം വേര്‍പ്പെടുത്തുന്നത് സങ്കീര്ണത്തകള് നിറഞ്ഞതായിരുന്നു.
സൗദിയില്‍ ഇത്തരത്തില്‍ നടന്ന 59 ാം ശസ്ത്രക്രിയയാണ് ഹസ്സന്റെതും ഹുസൈന്റെതും. ഇതോടെ സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തുന്നതിനായി ലോകത്ത് ഏറ്റവും കൂടുതല്‍ സര്‍ജറി നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ സൗദി ഒന്നാമതെത്തി. 1990 മുതലാണ് സൗദിയില്‍ ഇത്തരം ശസ്ത്രക്രിയ തുടങ്ങിയത്. 1992 ല്‍ സുദാന്‍ പൗരത്വമുള്ള സമയുടെയും ഹിബയുടെയുമാണ് ആദ്യ ശസ്ത്രക്രിയ. ഇരുവരും പിന്നീട് സൗദിയില്‍ താമസിക്കുകയും ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കുകയും ചെയ്തു.
മികച്ച ചികിത്സയും പിന്തുണയും നല്കിയ സല്മാന് രാജാവിനോടും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനോടും ശസ്ത്രക്രിയക്ക് നേത്യത്വം നല്ക്കിയ ഡോക്ടര്‍മാരോടും ആശുപത്രി ജീവനക്കാരോടും ഇരട്ടകളുടെ കുടുംബം നന്ദി പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





