04
Nov 2025
Mon
04 Nov 2025 Mon
AFGANISTAN EARTH QUAKE

Afghanistan quake അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയിലുള്ള ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മസാര്‍-ഇ ഷെരീഫിന് സമീപം വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ. നഗരത്തിന് സമീപം 28 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഇന്ന് പുലര്‍ച്ചെയോടെയാണ് ഭൂചലനമുണ്ടായത്.

whatsapp അഫ്ഗാനിസ്താന്‍ വന്‍ ഭൂകമ്പം; കനത്ത നാശനഷ്ടമെന്ന് സൂചന
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കനത്ത നാശനഷ്ടങ്ങള്‍ക്കും വ്യാപക ദുരന്തത്തിനും സാധ്യതയുള്ളതായി യുഎസ്ജിഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏകദേശം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് മസാര്‍-ഇ ഷെരീഫില്‍ താമസിക്കുന്നത്.

ഇതുവരെ ഏഴ് പേര്‍ മരിച്ചതായും 150ഓളം പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. പ്രവിശ്യയിലെ എല്ലാ ജില്ലകളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ താഴേക്ക് വീണതായും ാല്‍ഖ് പ്രവിശ്യയിലെ താലിബാന്‍ വക്താവ്എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. എങ്കിലും ഈ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ALSO READ: തിരുവനന്തപുരം കോര്‍പറേഷന്‍ തിരിച്ചുപിടിക്കുമെന്ന് കോണ്‍ഗ്രസ്; കെ എസ് ശബരിനാഥന്‍ അടക്കം 48 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തലസ്ഥാനമായ കാബൂളില്‍ അടക്കം ഇതിന്റെ പ്രകമ്പനം അനഭവപ്പെട്ടതായി വിദേശ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. ദുരന്തത്തിന് ഇരയായവര്‍ക്ക ബന്ധപ്പെടാന്‍ എമര്‍ജന്‍സി നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഭൂചലനത്തില്‍ വീടുകള്‍ തകരുമെന്ന് ഭയന്ന് നിരവധിപേര്‍ തെരുവുകളിലേക്ക് ഓടിയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. മസാര്‍-ഇ-ഷെരീഫിന്റെ പ്രധാന ലാന്‍ഡ്മാര്‍ക്കായ ബ്ലൂ മോസ്‌കിന് സമീപം നിലത്ത് അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതായി എക്‌സില്‍ പ്രചരിക്കുന്ന വിഡിയോയില്‍ കാണാം. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കാബൂളിലെ താലിബാന്‍ പൊലീസ് വക്താവ് ഖാലിദ് സദ്രാന്‍ എക്സില്‍ കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പര്‍വതപ്രദേശങ്ങളിലുണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനിലും വടക്കേ ഇന്ത്യയിലും ഈ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 2023 ഒക്ടോബറില്‍ പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 2,000 ത്തിലധികം ആളുകളാണ് മരിച്ചത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി അഫ്ഗാനിസ്ഥാനിലും സമീപത്തുള്ള ഹിമാലയന്‍ മേഖലയിലും ഭൂചലനങ്ങളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍, യൂറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകളുടെ സാവധാനത്തിലുള്ളതും എന്നാല്‍ നിരന്തരമായതുമായ കൂട്ടിയിടിയാണ് ഈ ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നത്.