ഗസയില്‍ രണ്ട് വര്‍ഷത്തിനിടെ ഇസ്രായേല്‍ വര്‍ഷിച്ച ബോംബുകളില്‍ പൊട്ടാതെ കിടക്കുന്നവ നീക്കം ചെയ്യാന്‍ 30 വര്‍ഷം വരെ എടുക്കുമെന്ന് അന്താരാഷ്ട്ര സംഘടന. ഇവയില്‍ പലതും പൊട്ടിത്തെറിച്ച് ഇതിനകം 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസയുടെ നിയന്ത്രണത്തിലുള്ള ഡാറ്റാബേസ് വ്യക്തമാക്കുന്നു. ഇത് യഥാര്‍ഥ മരണ സംഖ്യയെക്കാള്‍ ഏറെ കുറവാണെന്ന് സഹായ സംഘടനകള്‍ വിശ്വസിക്കുന്നു.
|
കോടിക്കണക്കിന് ടണ്‍ അവശിഷ്ടങ്ങളില്‍ നിന്ന് പൊട്ടാതെ കിടക്കുന്ന ബോംബുകളും മറ്റ് ആയുധങ്ങളുടെ അവശിഷ്ടങ്ങളും നീക്കം ചെയ്യുക എന്ന ദൗത്യം വൈകാതെ ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഈ മാസം അമേരിക്കയുടെ മധ്യസ്ഥതയില്‍ ഉണ്ടായ വെടിനിര്‍ത്തല്‍ ഉയര്‍ത്തുന്നത്. എന്നാല്‍, ഇവ പൂര്‍ണമായും നീക്കം ചെയ്യല്‍ സാധ്യമല്ലെന്ന് ഹ്യൂമാനിറ്റി ആന്റ് ഇന്‍ക്ലൂഷനിലെ സ്ഫോടക വസ്തു നിര്‍മാര്‍ജന വിദഗ്ധനായ നിക്ക് ഓര്‍ പറഞ്ഞു. അവയില്‍ വലിയ ഭാഗം ഭൂമിക്കടിയിലാണെന്നും അതെല്ലാം കണ്ടെത്തി നീക്കം ചെയ്യാന്‍ തലമുറകള്‍ കടന്നുപോകേണ്ടിവരുമെന്നും നിക്ക് കൂട്ടിച്ചേര്‍ത്തു.
ALSO READ: റോഡില്‍ തിക്കും തിരക്കും ഒഴിവാക്കാന്‍ വിജയ് ഇനി പറന്നു വരും; നാല് ഹെലികോപ്ടറുകള്‍ വാങ്ങുന്നു
അടുത്ത ആഴ്ച മുതല്‍ നിക്കും സംഘവും ഗസയിലെ ആശുപത്രികള്‍, ഭക്ഷണശാലകള്‍ തുടങ്ങി അവശ്യ അടിസ്ഥാന സൗകര്യങ്ങളില്‍ യുദ്ധാവശിഷ്ടങ്ങള്‍ കണ്ടെത്തുന്ന നടപടി ആരംഭിക്കും. എന്നാല്‍, സഹായ സംഘടനകള്‍ക്ക് യുദ്ധോപകരണങ്ങള്‍ നീക്കം ചെയ്യാനും നശിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനോ ആവശ്യമായ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാനോ ഇതുവരെ ഇസ്രായേലില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്ന് നിക്ക് ഓര്‍ പറഞ്ഞു.
ഇരട്ട ഉപയോഗ (സിവിലിയന്‍, സൈനിക) വസ്തുക്കള്‍ ഗസയിലേക്ക് പ്രവേശിക്കുന്നത് ഇസ്രായേല്‍ വിലക്കുന്നു. ഹമാസ് പുനരുപയോഗിച്ചേക്കുമെന്ന ആശങ്കകള്‍ ഇല്ലാതാക്കാനായി, ബോംബുകള്‍ പൊട്ടിത്തെറിപ്പിച്ച് നിര്‍വീര്യമാക്കുന്നതിനു പകരം കത്തിക്കാനുള്ള സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി തേടുകയാണെന്ന് നിക്ക് പറഞ്ഞു.


