വിമാനത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്ത ബ്രിട്ടിഷ് കനോയിസ്റ്റ് കുര്‍ട്സ് ആഡംസ് റോസെന്റല്‍സിന് രണ്ട് വര്‍ഷത്തെ വിലക്ക്. വിഡിയോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മാര്‍ച്ചില്‍ അപ്ലോഡ് ചെയ്തതാണ് ഒളിംപിക്‌സില്‍ മത്സരിക്കാനുള്ള താരത്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനത്തിന് കാരണമായിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചതായി സമ്മതിച്ച താരം പിന്നീട് അത് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
|
23 വയസ്സുകാരനായ താരം ഒളിംപിക്‌സില്‍ എത്താനുള്ള പണം സമ്പാദിക്കുന്നതിന് അഡല്‍റ്റ് പ്ലാറ്റ്ഫോമായ ഓണ്‍ലി ഫാന്‍സിലെ വരുമാനം സഹായിക്കുന്നുവെന്ന് നേരത്തെ അവകാശപ്പെട്ടിരുന്നു. ജനുവരി മുതല്‍ മേയ് വരെ ഓണ്‍ലി ഫാന്‍സ് അക്കൗണ്ടില്‍ നിന്ന് 200,000 ഡോളറിലധികം (ഏകദേശം 1.6 കോടി രൂപ) സമ്പാദിച്ചതായും കുര്‍ട്സ് ആഡംസ് റോസെന്റല്‍സ് അവകാശപ്പെട്ടിരുന്നു. പരിശീലനം തുടരുന്നതിനായി 32,000 ഡോളര്‍ വാര്‍ഷിക ഗ്രാന്റ് ലഭിച്ചിരുന്നെങ്കിലും അത് ചെലവുകള്‍ക്ക് പര്യാപ്തമല്ലെന്നാണ് കുര്‍ട്‌സ് പറയുന്നത്.
താരത്തിന്റെ പ്രവൃത്തികള്‍ മോശം പെരുമാറ്റമാണെന്നും കായികരംഗത്തിന് തന്നെ കടുത്ത അപമാനമാണെന്നുമാണ് അച്ചടക്ക സമിതി നിരീക്ഷിച്ചത്. സോഷ്യല്‍ മീഡിയയുടെ കുറ്റകരമായ ഉപയോഗമാണിതെന്നും സമിതി വ്യക്തമാക്കി. നടപടിയുടെ ഭാഗമായി മത്സരത്തില്‍ നിന്നും പരിശീലനത്തില്‍ നിന്നുമുള്ള വിലക്കിനൊപ്പം 2028, 2032 ഒളിംപിക്‌സുകളില്‍ മത്സരിക്കാന്‍ ലക്ഷ്യമിടുന്ന അത്ലറ്റുകളെ സഹായിക്കുന്ന വേള്‍ഡ് ക്ലാസ് പ്രോഗ്രാമിലെ സ്ഥാനവും റോസെന്റല്‍സിന് നഷ്ടപ്പെടും.
എന്നാല്‍, അത്‌ലീറ്റുകള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കിയിരുന്നെങ്കില്‍ ഈ വിലക്ക് ഒരിക്കലും സംഭവിക്കില്ലായിരുന്നെന്നാണ് കുര്‍ട്സിന്റെ നിലപാട്. വിഡിയോ ചിത്രീകരിച്ചതില്‍ ഖേദമില്ലെന്നും താരം ആവര്‍ത്തിച്ചു
എല്ലാവര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അത്‌ലീറ്റ് അച്ചടക്ക നയത്തിന് കീഴില്‍ ആവശ്യമുള്ള നടപടിയെടുക്കുമെന്നും പാഡില്‍ യുകെ പ്രസ്താവനയില്‍ അറിയിച്ചു.


