”..ഞാന്‍ ഒരു പന്നിയെ പോലെ ആയെന്ന് വരെ കമന്റുകള്‍, ഞാനൊരമ്മയാണ്, എല്ലാവരുടെയും ശരീരം ഒരുപോലെയല്ലല്ലോ..”; ബോഡി ഷെയിമിങ്ങിനെ കുറിച്ച് ഷംന കാസിം
|
പ്രസവശേഷം നേരിട്ട വളരെ മോശമായ ബോഡി ഷെയിമിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ ഷംന കാസിം. മലയാളത്തില്‍ മാത്രമല്ല, തമിഴിലും നല്ല ആരാധക പിന്തുണയാണ് താരത്തിനുള്ളത്. വിവാഹ ശേഷം ചെറിയൊരു ബ്രേക്ക് എടുത്തെങ്കിലും ഇപ്പോള്‍ താരം വീണ്ടും അഭിനയരംഗത്ത് സജീവമാണ്. ഇതിനിടെ നടിയുടെ വിവാഹം കഴിയുകയും കുഞ്ഞ് പിറക്കുകയും ചെയ്തു. എന്നാല്‍ കുഞ്ഞ് പിറന്നതിന് പിന്നാലെ തന്റെ ശരീരത്തില്‍ ഉണ്ടായ ചില മാറ്റങ്ങളെ കുറിച്ചും അതേതുടര്‍ന്ന് നേരിടേണ്ടി വന്ന ബോഡി ഷെയിമിങിനെ കുറിച്ചുമാണ് ഷംന കാസിം ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.
‘സിനിമയില്‍ വന്ന കാലം മുതലും അതിനുമുന്‍പും എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്ന സ്‌ട്രെങ്ത് എന്ന് പറയുന്നത് എന്റെ അമ്മയാണ്. വിവാഹം കഴിഞ്ഞപ്പോള്‍ എനിക്ക് പെട്ടെന്ന് പേടിയായി. എന്റെ അമ്മയെപ്പോലെ എന്നെ എല്ലാ കാര്യത്തിലും സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളെ കിട്ടണ്ടേ. പക്ഷേ ശരിക്കും എന്റെ ഭര്‍ത്താവിനോട് നന്ദി പറയണം. എന്റെ പ്രസവം കഴിഞ്ഞ് അന്‍പതാമത്തെ ദിവസം മുതല്‍ ഞാന്‍ ഷൂട്ടിന് പോയി തുടങ്ങി. അതിനുള്ള ഫുള്‍ സപ്പോര്‍ട്ട് തന്നത് ഭര്‍ത്താവാണ്. ഇതുപോലുള്ള ഭര്‍ത്താവിനെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ സപ്പോര്‍ട്ട് ഇല്ലെങ്കില്‍ എനിക്ക് സിനിമയിലേക്ക് ഒരിക്കലും മടങ്ങി വരാന്‍ കഴിയില്ലായിരുന്നു. വിവാഹിതരായ എത്രയോ നടിമാര്‍ ആണ് അതിനുശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുന്നത്. ഞാന്‍ ശരിക്കും വളരെ കോണ്‍ഷ്യസ് ആയിരുന്നു.
‘നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ നോക്കിയാല്‍ ഇപ്പോഴും കാണാം ഒരുപാട് ആളുകള്‍ നീ ഒരു പന്നിയെ പോലെയായി എന്നൊക്കെ കമന്റ് ചെയ്തിരിക്കുന്നത്. അവരൊന്നും ഞാനിപ്പോള്‍ ഒരു അമ്മയാണെന്ന കാര്യം മനസിലാക്കുന്നതേയില്ല. എന്റെ ദുബായിലെ വീട്ടില്‍ ഒരു ജോലിക്കാരി പോലും ഇല്ല. കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കുന്നതും ആ വീട് നോക്കുന്നതുമൊക്കെ ഞാനാണ്. എന്തിനാണ് ആളുകള്‍ ഇങ്ങിനെ മോശമായി പ്രതികരിക്കുന്നത് എന്ന് മനസിലാവുന്നില്ല. പ്രസവത്തിനു ശേഷവും സ്ലിം ആയിരിക്കുന്ന നടിമാര്‍ ഉണ്ടാകും. പക്ഷേ എല്ലാവരുടെയും ശരീരം ഒരുപോലെയല്ലല്ലോ. ഞാനെന്റെ മുഖം കൊണ്ടാണ് അഭിനയിക്കുന്നത് അല്ലാതെ ശരീരം കൊണ്ടല്ല. ഞാന്‍ തടിച്ചാലും മെലിഞ്ഞാലും അത് മറ്റാരെയും ബാധിക്കുന്ന വിഷയവുമല്ല.
എന്നെ ഒരു സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ ഞാന്‍ ഭര്‍ത്താവിനോട് ചോദിക്കുന്നത് ഇത്രയും തടിച്ചിരിക്കുകയല്ലേ എന്നെക്കൊണ്ട് പറ്റുമോ, ഞാന്‍ ചെയ്താല്‍ ആളുകള്‍ അംഗീകരിക്കുമോ എന്നൊക്കെയാണ്. എന്നാല്‍ അദ്ദേഹം എന്നോട് തിരിച്ചു പറയുന്നത് നിന്നെ ഇതില്‍ അഭിനയിക്കാന്‍ വിളിച്ചവര്‍ക്ക് കുഴപ്പമില്ലെങ്കില്‍ പിന്നെ നീ എന്തിനാണ് മറ്റുള്ള കാര്യങ്ങള്‍ ആലോചിക്കുന്നത്. നിന്നെ ഇഷ്ടപ്പെടുന്ന പോസിറ്റീവായ ആളുകളെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതി എന്ന് പറയും. ആ കോണ്‍ഫിഡന്‍സ് എന്നെ സംബന്ധിച്ചു വളരെ വലുതാണ്.’ ഷംന കൂട്ടിച്ചേര്‍ത്തു.


