25
Sep 2026
Fri
25 Sep 2026 Fri
son kills father after he feared wealth will goes to another woman

സ്വത്ത് മറ്റൊരു സ്ത്രീയുടെ പേരിലേക്ക് മാറ്റുമെന്ന ഭയത്തിൽ പിതാവിനെ കൊലപ്പെടുത്താൻ മകൻ ഗൂഢാലോചന നടത്തിയതായി പൊലീസ്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഫാർമസ്യൂട്ടിക്കൽ ഡീലറായ വിനീത് മനോച്ച (60)യെ കൊലപ്പെടുത്തിയ കേസിലാണ് മകൻ സുബ്രത് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സെപ്റ്റംബർ അഞ്ചിന് കാൺപൂരിലെ ഇന്ദിരാ നഗറിലുള്ള ഫ്ലാറ്റിലാണ് വിനീത് മനോച്ചയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടക്കുമ്പോൾ വിനീത് വീട്ടിൽ തനിച്ചായിരുന്നു. മകൻ സുബ്രത് ഭാര്യ ശാലുവിനൊപ്പം പാർട്ടിക്ക് പോയിരിക്കുകയായിരുന്നു.

ആദ്യഘട്ട അന്വേഷണത്തിൽ മരുമകൾ ശാലുവാണ് കൊലപാതകത്തിന്റെ സൂത്രധാരയെന്ന് പൊലീസ് സംശയിക്കുകയും ശാലുവിനെയും കുടുംബത്തിലെ മുൻ ജീവനക്കാരനായ വിശാൽ ഗൗതമിനെയും ഇയാളുടെ കൂട്ടാളി രാജ്കിഷോറിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണത്തിനിടെ പുതിയ തെളിവുകൾ ലഭിച്ചതോടെ മകനിലേക്കും അന്വേഷണം നീണ്ടു.

കൊലപാതകത്തിന് ഏതാനും ദിവസം മുമ്പ് വിശാൽ പുതിയ സിം കാർഡ് വാങ്ങിയെന്നും അതിൽ നിന്ന് സുബ്രതിന് ആറ് തവണ ഫോൺ ചെയ്തതായും പൊലീസ് കണ്ടെത്തി. സെപ്റ്റംബർ 23നാണ് സുബ്രതിനെ അറസ്റ്റ് ചെയ്തത്.

അച്ഛന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും മറ്റൊരു സ്ത്രീക്കൊപ്പം താമസം തുടങ്ങുകയും തന്റെ സ്വത്തുക്കൾ അവരുടെ പേരിലേക്ക് മാറ്റുകയും ചെയ്യുമെന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നും ചോദ്യം ചെയ്യലിൽ സുബ്രത് പറഞ്ഞതായി പൊലീസ് അറിയിച്ചു. ആദ്യം മരണം സ്വാഭാവികമോ അപകടമോ ആയി ചിത്രീകരിക്കാനായിരുന്നു പദ്ധതിയെന്നും പിന്നീട് പദ്ധതി മാറ്റുകയായിരുന്നെന്നും പൊലീസ് പറയുന്നു.

സുബ്രതിന് പിതാവ് പ്രതിമാസം ഏകദേശം 40,000 രൂപ ചെലവിനായി നൽകിയിരുന്നുവെന്നും അതേസമയം സുബ്രത് പ്രതിമാസം 55,000 രൂപയോളം വായ്പാ തിരിച്ചടവിനായി ചെലവഴിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

സുബ്രതും വിശാലും തമ്മിലുള്ള ഡിലീറ്റ് ചെയ്ത ചാറ്റുകൾ പൊലീസ് വീണ്ടെടുത്തു. കൊലപാതകത്തിന് മുമ്പ് ഇരുവരുടെയും ലൊക്കേഷനുകൾ പല ഘട്ടങ്ങളിലും ഒത്തുപോയതായും പൊലീസ് കണ്ടെത്തി.

പിതാവിനെ കൊലപ്പെടുത്താൻ സുബ്രത് തന്നോട് ആവശ്യപ്പെട്ടെന്നും ഇതിനായി ആറ് ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും വിശാൽ മൊഴി നൽകിയതായി കാൺപൂർ പൊലീസ് കമ്മീഷണർ രഘുബീർ ലാൽ പറഞ്ഞു. പിടിക്കപ്പെട്ടാൽ ശാലുവിന്റെ പേര് പറയണമെന്നും സുബ്രത് നിർദേശിച്ചിരുന്നതായി വിശാൽ പറഞ്ഞതായും പൊലീസ് അറിയിച്ചു.

തന്നെ ഭർത്താവിനെ സംരക്ഷിക്കുന്നതിനായി കേസിൽ കുടുക്കുകയായിരുന്നുവെന്ന് 36കാരിയായ ശാലു ചോദ്യം ചെയ്യലിനിടെ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. എന്നാൽ ശാലുവിന് കേസിൽനിന്ന് പൂർണമായും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കോൾ ഡീറ്റെയിൽ റെക്കോർഡുകൾ, സിസിടിവി ദൃശ്യങ്ങൾ, ഡിജിറ്റൽ-ശാസ്ത്രീയ തെളിവുകൾ, അന്വേഷണത്തിൽ ലഭിച്ച വസ്തുക്കൾ, മറ്റ് സാഹചര്യത്തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന പുറത്തുവന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ALSO READ: പരിസ്ഥിതി ലോല മേഖല: വില്ലേജുകളുടെ എണ്ണം കുറയ്ക്കണമെന്ന് കേരളം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക