ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് -32 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ (South Africa) പോരാട്ടവീര്യത്തെ ഇഞ്ചുറി ടൈം ഗോളില്‍ തകര്‍ത്ത് കാനഡ(Canada) അവസാന 16-ല്‍ പ്രവേശിച്ചു. ലോസ് ആഞ്ചലസില്‍ നടന്ന ആവേശകരമായ മത്സരത്തില്‍, നിശ്ചിത സമയം കഴിഞ്ഞ് രണ്ടാം മിനിറ്റില്‍ (92ാം മിനിറ്റ്) മിഡ്ഫീല്‍ഡര്‍ സ്റ്റീഫന്‍ യുസ്റ്റാക്വിയോ (Stephen Eustaquio) നേടിയ തകര്‍പ്പന്‍ ഗോളിലാണ് കാനഡ 1-0 ത്തിന് നാടകീയ വിജയം സ്വന്തമാക്കിയത്.
|
മത്സരത്തിലുടനീളം ഭൂരിഭാഗം അവസരങ്ങളും സൃഷ്ടിച്ചത് കാനഡയായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ അസാമാന്യമായ പ്രതിരോധ കോട്ട ഭേദിക്കാന്‍ അവര്‍ക്ക് ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു. രണ്ട് തവണയാണ് ദക്ഷിണാഫ്രിക്കന്‍ ഡിഫന്‍ഡര്‍മാര്‍ ഗോള്‍ ലൈന്‍ ക്ലിയറന്‍സിലൂടെ കാനഡയെ ലക്ഷ്യം കാണുന്നതില്‍ നിന്ന് തടഞ്ഞത്. ഇതിനുപുറമെ ദക്ഷിണാഫ്രിക്കന്‍ ഗോള്‍കീപ്പര്‍ റോണ്‍വെന്‍ വില്യംസ് (Ronwen Williams) നടത്തിയ മികച്ച സേവുകളും കാനഡയ്ക്ക് വലിയ വെല്ലുവിളിയുയര്‍ത്തി.
ഇരു ടീമുകളുടെയും ചരിത്രത്തിലെ ആദ്യത്തെ ഫിഫ ലോകകപ്പ് നോക്കൗട്ട് മത്സരമായിരുന്നു ഇത് എന്ന പ്രത്യേകതയുമുണ്ട്. റൗണ്ട് ഓഫ് 16-ല്‍ (പ്രീ-ക്വാര്‍ട്ടര്‍) നെതര്‍ലന്‍ഡ്‌സ് അല്ലെങ്കില്‍ മൊറോക്കോ എന്നിവരില്‍ ആരെങ്കിലുമായിരിക്കും കാനഡയുടെ എതിരാളികള്‍.
South Africa vs Canada Highlights, FIFA World Cup Round Of 32




