പ്രവാസികളുടെ മക്കള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ഫോര്‍ ഡയാസ്പോറ ചില്‍ഡ്രന്‍(എസ്ഡിപിസി) സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. പ്രവാസികളുടെ മക്കള്‍ക്ക് ഇന്ത്യയില്‍ ബിരുദപഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌കോളര്‍ഷിപ്പാണിത്. 2024 ഡിസംബര്‍ 27 വരെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാമെന്ന് അറിയിച്ച് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. നവംബര്‍ 30 വരെയാണ് നേരത്തേ സമയപരിധി നിശ്ചയിച്ചിരുന്നത്.
|
ഓരോ രാജ്യത്തെയും ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവ മുഖേനയാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. ഈവര്‍ഷം മുതല്‍ മെഡിക്കല്‍ പഠനത്തിനും സ്‌കോളര്‍ഷിപ്പ് നല്‍കും. ഒന്നാം വര്‍ഷ ഡിഗ്രി പഠനത്തിന് പേര് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്കാണ് വിദേശകാര്യമന്ത്രാലയം നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ലഭിക്കുക. 150 വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം ലഭിക്കും. വിദ്യാര്‍ഥികള്‍ 17നും 21നും ഇടയ്ക്ക് പ്രായമുള്ളവരായിരിക്കണം. പിഐഒ കാര്‍ഡുള്ള ഇന്ത്യന്‍ വംശജര്‍, എന്‍ആര്‍ഐ സ്റ്റാറ്റസുള്ള ഇന്ത്യന്‍ പൗരന്‍മാര്‍, എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ എന്നിവരുടെ മക്കളുടെ ഡിഗ്രി പഠനത്തിന് നാലായിരം യുഎസ് ഡോളര്‍ അഥവാ 3,36,400 രൂപ വരെ സ്‌കോളര്‍ഷിപ്പായി ലഭിക്കും.
ഈവര്‍ഷം മുതല്‍ മെഡിക്കല്‍ പഠനത്തിനും പഠനസഹായമുണ്ടാകും. എംബിബിഎസ് രണ്ടാം വര്‍ഷം മുതല്‍ അഞ്ചാംവര്‍ഷം വരെയാകും സ്‌കോളര്‍ഷിപ്പ്. വിദ്യാര്‍ഥികളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായവരെ തിരഞ്ഞെടുക്കുക. പ്രവാസികളായ രക്ഷിതാക്കള്‍ക്ക് അപേക്ഷ നല്‍കാന്‍ അതത് രാജ്യത്തെ എംബസിയോയോ, ഇന്ത്യന്‍ കോണ്‍സുലേറ്റിനേയോ ബന്ധപ്പെടാം.


