നടൻ സിദ്ദീഖ് ബലാത്സംഗം ചെയ്തെന്ന യുവനടിയുടെ പരാതിയിൽ നടപടിയുമായി പോലീസ്. തിരുവനന്തപുരം വഞ്ചിയൂർ സഖിയിൽവച്ചാണ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയായ യുവനടിയുടെ മൊഴി രേഖപ്പെടുത്തിയത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മസ്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിയിൽ പറയുന്നു.
|
പരാതിയിൽ മ്യൂസിയം പോലീസ് സിദ്ദിഖിനെതിരേ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിക്ക് ഇ-മെയിൽ മുഖേന നൽകിയ പരാതി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറുകയായിരുന്നു. ഭാരതീയ ന്യായ് സംഹിതയിലെ വകുപ്പ് 376 (ബലാത്സംഗം,), 509 ഭീഷണിപ്പെടുത്തൽ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവച്ചിരുന്നു.
അതേസമയം പരാതിക്കാരിയായ യുവനടിക്കെതിരേ സിദ്ദീഖ് ഡിജിപിക്ക് നേരത്തേ പരാതി നൽകിയിട്ടുണ്ട്. ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. ഈ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിൻറെ മേൽനോട്ടത്തിൽ സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻകുമാർ, ഡിഐജി അജിതാ ബീഗം, വനിതാ ഐപിഎസ് ഓഫിസർമാരായ പൂങ്കുഴലി, ഐശ്വര്യ ഡോംഗ്റെ, മെറിൻ ജോസഫ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ചലച്ചിത്ര രംഗത്തെ വനിതകൾ വെളിപ്പെടുത്തിയ പരാതികളെക്കുറിച്ച് അന്വേഷണം നടത്തുന്നത്.
ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നതിനു പിന്നാലെ ഒട്ടേറെ അഭിനേതാക്കൾക്കും സംവിധായകർക്കുമെതിരേ നിരവധി ലൈംഗികാരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ഇതേത്തുടർന്ന് അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ പ്രസിഡന്റ് മോഹൻ ലാൽ രാജിവയ്ക്കുകയും ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു. ആരോപണം ഉയർന്നതിനു പിന്നാലെ സിദ്ദീഖ് എഎംഎംഎയുടെ ഭാരവാഹിത്വം രാജിവച്ചിരുന്നു. അടുത്തിടെയാണ് പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ സിദ്ദീഖും ബാബുരാജും അടക്കമുള്ള നിരവധി ഭാരിവാഹികൾ ലൈംഗികാരോപണത്തിൽ കുടുങ്ങുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





