09
Apr 2026
Thu
09 Apr 2026 Thu
Special smart watches introduced for Hajj Pilgrims

കബീര്‍ കൊണ്ടോട്ടി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ: ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ഏപ്രില്‍ 18ന് തീര്‍ത്ഥാടകരുമായി മുംബൈയില്‍ നിന്നു മദീനയിലെത്തും. ഹാജിമാരുടെ കര്‍മങ്ങള്‍ക്കും യാത്രകള്‍ക്കും സഹായം നല്‍കാന്‍ പൂര്‍ണ സജ്ജമാണെന്ന് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയും ഇന്ത്യന്‍ ഹജ്ജ് മിഷനും അറിയിച്ചു. ഇത്തവണ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 1,22,580 പേരും 52,000 പേര്‍ സ്വകാര്യ ഏജന്‍സികള്‍ വഴിയും ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തും. 5300 സ്ത്രീ തീര്‍ഥാടകര്‍ ഇത്തവണ ‘മഹറം’ ഇല്ലാതെ ഹജ്ജിനെത്തുന്നുണ്ട്. ജൂണ്‍ രണ്ടിന് ആയിരിക്കും ജിദ്ദയില്‍ നിന്ന് മടക്കയാത്ര ആരംഭിക്കുക.

ഏപ്രില്‍ 30 ന് കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം കൊച്ചിയില്‍ നിന്ന് ജിദ്ദയിലെത്തും. തീര്‍ഥാടകരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും പ്രഥമ പരിഗണന നല്‍കും. ഹജ്ജ് വേളയില്‍ ബന്ധപ്പെട്ട കമ്പനികള്‍ ഭക്ഷണം നല്‍കും. എന്നാല്‍ താമസ സ്ഥലങ്ങളില്‍ പാചക വാതകം ഉണ്ടായിരിക്കില്ല. തീര്‍ഥാടകര്‍ക്ക് ഭക്ഷണം ലഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികള്‍ 24 മണിക്കൂറും ഉണ്ടായിരിക്കും.

മദീന മക്ക യാത്രയ്ക്ക് ഇത്തവണ 50 ശതമാനം ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഹൈസ് സ്പീഡ് ട്രെയിന്‍ ഉപയോഗപ്പെടുത്താനാകും. ബാക്കി 50 ശതമാനം പേരുടെ യാത്ര ബസ്സില്‍ ആയിരിക്കും.

ഹജ്ജ് സുവിത സ്മാര്‍ട്ട് വാച്ചുകള്‍ ഇത്തവണത്തെ പ്രത്യേകതയാണ്. ഹാജിമാര്‍ വഴി തെറ്റുന്നതും അവരുടെ ആരോഗ്യ സ്ഥിതിയും ഇതിലൂടെ നിരീക്ഷിക്കാന്‍ കഴിയും. തീര്‍ഥാടകരും അവരുടെ ബന്ധത്തിലുള്ളവരും അനുഭവിക്കുന്ന മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ക്ക് സ്മാര്‍ട്ട് വാച്ച് ആശ്വാസമാകും. ജിദ്ദയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിലെ ഉന്നതതല സംഘമാണ് ഈ പുതിയ സംവിധാനം പരിചയപ്പെടുത്തിയത്. ലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ ഹാജിമാര്‍ ഒറ്റപ്പെട്ടുപോയാലും അവരെ കണ്ടെത്താന്‍ സഹായിക്കുന്ന ‘ലൊക്കേഷന്‍ ട്രാക്കിങ്’ ആണ് ഇതിന്റെ പ്രധാന സവിശേഷത. വാച്ചിലൂടെ ഓരോ ഹാജിയും എവിടെയാണെന്ന് തത്സമയം അറിയാന്‍ കണ്‍ട്രോള്‍ റൂമിന് സാധിക്കുന്നതിലൂടെ തീര്‍ഥാടകരെ കാണാതാകാനുള്ള സാധ്യത പൂര്‍ണമായും ഒഴിവാക്കാനാകും.

അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി എസ്.ഒ.എസ് ബട്ടണ്‍, ഹൃദയമിടിപ്പ് ഉള്‍പ്പെടെയുള്ള ആരോഗ്യ വിവരങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനം, മക്കയിലെയും മദീനയിലെയും കൃത്യമായ പ്രാര്‍ഥനാ സമയങ്ങള്‍ എന്നിവയും ഈ സ്മാര്‍ട്ട് വാച്ചില്‍ ഒരുക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ ഐ.ഒ.ടി സിം കാര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ യാത്രയിലുടനീളം ഇതില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും ലഭ്യമായിരിക്കും. തീര്‍ഥാടന വേളയിലെ നടത്തം രേഖപ്പെടുത്താനുള്ള പെഡോമീറ്റര്‍ സൗകര്യവും ഇതിലുണ്ട്. ഹജ്ജ് കര്‍മങ്ങള്‍ കൂടുതല്‍ ലളിതവും സുരക്ഷിതവുമാക്കാന്‍ ഈ സാങ്കേതിക വിദ്യ സഹായിക്കും.

മക്കയിലും, മദീനയിലും, മിനയിലും, അസീസിയയിലും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ന്റെ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. 350 തില്‍ അധികം ആരോഗ്യ മേഖലയിലുള്ളവര്‍ സേവനത്തിനായി ഉണ്ടാകും. ഇന്ത്യന്‍ ന്യൂനപക്ഷ മന്ത്രാലയം ജോയിന്റ് സെക്രട്ടറി രാംസിംഗ്, ഹജ്ജ് കമ്മിറ്റി സി.ഇ.ഒ ഷാനവാസ്, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹെഡ് ഓഫ് ചാന്‍സറി ആന്‍ഡ് പി ഐ കോണ്‍സുല്‍ ഐ എം ഹുസൈന്‍, ഹജ്ജ് കോണ്‍സുല്‍ സദ ചൗദരി എന്നിവര്‍ ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ALSO READ: