സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ സാമ്പത്തിക കേന്ദ്രത്തിന് നേരെ ഹൂതി ആക്രമണം. കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ ഒരു കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി നിലകൾക്കും സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
|
ആക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ പേര് സൗദി അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ സിവിൽ ഡിഫൻസ് എക്സിലെ ഔദ്യോഗിക അക്കൗണ്ടിൽ പങ്കുവെച്ച ചിത്രത്തിൽ റിയാദിലെ 80 നിലകളുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ടവറാണ് ദൃശ്യമാകുന്നത്. ഇതോടെ ആക്രമണത്തിന് ഇരയായത് ഈ കെട്ടിടമാണെന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ട്.
385 മീറ്റർ ഉയരമുള്ള പിഐഎഫ് ടവർ സൗദി അറേബ്യയുടെ പരമാധികാര നിക്ഷേപ ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ആസ്ഥാനമാണ്. റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ഇത് 2021ലാണ് പൂർത്തിയാക്കിയത്. മക്കയിലെ 601 മീറ്റർ ഉയരമുള്ള ക്ലോക്ക് ടവറിന് ശേഷം സൗദിയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമാണിത്.
ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. തലസ്ഥാനത്തെ സിവിലിയൻ, സാമ്പത്തിക സ്ഥാപനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
സൗദി അറേബ്യയുടെ ഭൂപ്രദേശത്തിനോ സ്വത്തുക്കൾക്കോ നേരെയുള്ള ഏതൊരു ആക്രമണവും അനുവദിക്കില്ലെന്നും അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങൾക്കനുസൃതമായി ഇത്തരം നീക്കങ്ങളെ നേരിടുമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





