ഡല്‍ഹി രാംലീല മൈതാനിക്കു സമീപമുള്ള സയ്ദ് ഫായിസ് ഇലാഹി മസ്ജിദിനു സമീപമുള്ള നിര്‍മിതികള്‍ അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് സംരക്ഷണയില്‍ പൊളിച്ചുനീക്കുന്നതിനെതിരേ പ്രതിഷേധം. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാരുടെ കല്ലേറില്‍ അഞ്ചു പോലീസുകാര്‍ക്ക് പരിക്ക്.
|
ചൊവ്വാഴ്ചയാണ് ഡല്‍ഹി മുനിസിപല്‍ കോര്‍പറേഷനിലെ 300ഓളം ഉദ്യോഗസ്ഥരും തൊഴിലാളികളും പോലീസ് സംരക്ഷണയില്‍ പൊളിച്ചുനീക്കല്‍ തുടങ്ങിയത്. പള്ളിയുടെ പരിസരത്തുള്ള ഹാളും ക്ലിനിക്കും പൊളിച്ചുനീക്കിയവയില്‍ ഉള്‍പ്പെടുന്നു. 30 ബുള്‍ഡോസറുകളും 50 ട്രക്കുകളും അടക്കമെത്തിച്ചായിരുന്നു പൊളിച്ചുനീക്കല്‍.
കഴിഞ്ഞവര്‍ഷം നവംബറില്‍ സേവ് ഇന്ത്യ ഫൗണ്ടേഷന്‍ ട്രസ്റ്റ് നല്‍കിയ ഹരജിയിലാണ് ഡല്‍ഹി ഹൈക്കോടതി പള്ളിക്കു സമീപത്തെ നിര്‍മിതികള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്. സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ചതാണ് ഇതെന്നായിരുന്നു ഹരജിക്കാരുടെ വാദം. അതേസമയം ഇവിടുത്തെ മസ്ജിദ് വഖ്ഫ് ഭൂമിയാണെന്നും പള്ളിക്ക് 100 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും പള്ളിപരിപാലന സമിതി കോടതിയെ ബോധിപ്പിച്ചു.
19.5 സെന്റ് ഭൂമിയാണ് പള്ളിക്കുള്ളതെന്നും ഇതിനു പുറത്ത് സര്‍ക്കാരിന്റെ ഭൂമിയിലുള്ള ഏതു നിര്‍മിതികളും പൊളിച്ചുനീക്കുമെന്നും കോര്‍പറേഷനും തീരുമാനമെടുത്തു. എന്നാല്‍ പള്ളിയും പള്ളിയോടു ചേര്‍ന്ന ഖബര്‍സ്ഥാനും സംരക്ഷിക്കണമെന്ന് പള്ളിപരിപാലന സമിതി കോടതിയില്‍ ആവശ്യപ്പെട്ടു. പള്ളിയോട് ചേര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് വല്ലപ്പോഴും വിവാഹച്ചടങ്ങുകള്‍ നടത്താറുണ്ടെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ക്ലിനിക് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതല്ലാതെ ഇവിടെ വിവാഹ ഓഡിറ്റോറിയോ ആശുപത്രിയോ ഇല്ലെന്നും കോര്‍പറേഷന്‍ വാദത്തെ തള്ളി പള്ളിപരിപാലന കമ്മിറ്റി കോടതിയില്‍ വാദിച്ചു.
ജനുവരി ഏഴിന് പൊളിച്ചുനീക്കല്‍ നടത്തുമെന്നായിരുന്നു കോര്‍പറേഷന്‍ ഉത്തരവിറക്കിയിരുന്നത്. ചൊവ്വാഴ്ച പള്ളിപരിപാലന സമിതിയുടെ അഭിഭാഷകന്‍ അനധികൃത നിര്‍മിതികള്‍ പൊളിച്ചുനീക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പ് ഇല്ലെന്നും ചാരിറ്റബിള്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായും കോടതിയെ അറിയിച്ചിരുന്നു. പള്ളി ഇരിക്കുന്ന 19.5 സെന്റ് സ്ഥലം 1940ല്‍ പാട്ടത്തിനു നല്‍കിയതാമെന്നും ഈ പറഞ്ഞ സ്ഥലത്തെ നിര്‍മിതികള്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കില്ലെന്നും ഭൂമി വികസന ഓഫിസിനു വേണ്ടി കോടതിയില്‍ ഹാജരായി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ പറയുകയുണ്ടായി. ഏപ്രില്‍ 22ന് കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ജനുവരി ആറിന് രാത്രി കോര്‍പറേഷന്‍ പൊളിച്ചുനീക്കല്‍ ആരംഭിച്ചത്.





