എരൂരില്‍ ലോറിയില്‍ കിടന്നുറങ്ങിയ ഡ്രൈവറുടെ മുഖം തെരുവുനായ കടിച്ചുകീറി. ഇടുക്കി ആനവിരട്ടി മേലേത്ത് വീട്ടില്‍ പൗലോസ് വര്‍ഗീസി(38)നാണ് പരിക്കേറ്റത്. പൗലോസിന്റെ കീഴ്ചുണ്ട് രണ്ട് കഷണമായി. വലത് കൈയിലെ മോതിര വിരലിന്റെ അറ്റവും നായ കടിച്ചെടുത്തു. കാല്‍ മുട്ടിലും ആഴത്തില്‍ കടിയേറ്റു.
|
എരൂര്‍ കപ്പട്ടിക്കാവ് ക്ഷേത്രത്തിനടുത്തുള്ള പന്തല്‍ നിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കുന്ന ഗോഡൗണിന് മുന്നില്‍ വച്ചാണ് ആക്രമണം നേരിട്ടത്. തിങ്കളാഴ്ച രാത്രി 12.30ഓടെ ആയിരുന്നു സംഭവം. ലോഡുമായി മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നിന്നും എരൂരില്‍ എത്തിയതായിരുന്നു പൗലോസ്.
ലോറി പാര്‍ക്ക് ചെയ്ത് വാഹനത്തിനുള്ളില്‍ കിടന്നതിന് പിന്നാലെ ഒരുകൂട്ടം നായ്ക്കള്‍ ലോറിക്ക് താഴെ തമ്പടിച്ചു.നായ്ക്കള്‍ കൂട്ടത്തോടെ ഓരിയിടുകയും കടിപിടി കൂടുകയും ചെയ്ത് ബഹളം കൂടിയതോടെ പൗലോസ് നായ്ക്കളെ ഓടിച്ച് വിട്ടു. ഓടിപ്പോയ നായ്ക്കളില്‍ നിന്നും ഒരു നായ അപ്രതീക്ഷിതമായി പിന്തിരിഞ്ഞ് ഓടി വന്ന് പൗലോസിന്റെ കാലില്‍ കടിച്ചു. ഇതിനിടെ താഴെ വീണ് പോയ പൗലോസിനെ നായ വീണ്ടും ആക്രമിച്ചു. ഒടുവില്‍ മുഖത്ത് കടിച്ച് പിടിച്ച നായയുടെ വായ വലിച്ച് അകറ്റി പൗലോസ് നായയെ കറക്കി എറിഞ്ഞു. നായ വീണ്ടും കടിക്കാനെത്തിയതോടെ സമീപത്ത് ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലത്തേക്കോടി സഹായം തേടുകയായിരുന്നു യുവാവ്.
നായ പിന്നാലെ ഓടിയെത്തിയെങ്കിലും ആള്‍ക്കൂട്ടത്തെ കണ്ടതോടെ പിന്മാറി. ഇതര സംസ്ഥാന തൊഴിലാളികളാണ് പൗലോസിനെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. പ്രാഥമിക കുത്തിവയ്പുകള്‍ക്കും ചികിത്സയ്ക്കും ശേഷം അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വായ് മുറിഞ്ഞിരിക്കുന്നതിനാല്‍ ദ്രവ രൂപത്തിലാണ് ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നത്
ALSO READ: ബിജു മേനോന്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍മാതാക്കളുടെ സംഘടന



