27
Feb 2026
Fri
27 Feb 2026 Fri
madhyamam protest

മാധ്യമത്തിലെ തൊഴില്‍സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സംയുക്ത ട്രേഡ് യൂനിയന്‍ സംയുക്ത സമരസഹായ സമിതി അറിയിച്ചു. തൊഴില്‍മന്ത്രി വി ശിവന്‍കുട്ടിയുമായി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. ശമ്പള വിതരണം ഉള്‍പ്പടെ യോഗത്തിലെ നിര്‍ദേശങ്ങള്‍ മാനേജ്മെന്റും തൊഴിലാളി പ്രതിനിധികളും അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. മാധ്യമത്തിലെ ശമ്പള കുടിശ്ശികയടക്കമുള്ള എല്ലാ തൊഴില്‍ പ്രശ്‌നങ്ങളെയും കുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷനല്‍ ലേബര്‍ കമ്മീഷണറെ നിയോഗിക്കാന്‍ തീരുമാനിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇടക്കാലമായി മാര്‍ച്ച് 15ന് ഒരു മാസത്തെ പൂര്‍ണ ശമ്പളവും ഏപ്രില്‍ 15ന് മറ്റൊരു പൂര്‍ണ ശമ്പളവും വിതരണം ചെയ്യും. ഈ കാലയളവില്‍ നടത്തിയ സ്ഥലംമാറ്റങ്ങളില്‍ ജീവനക്കാരുടെ ഭാഗം കൂടി കേട്ട് അനുകൂല സമീപനമുണ്ടാകണമെന്ന് മന്ത്രി മാനേജ്‌മെന്റ് പ്രതിനിധികളോട് നിര്‍ദേശിച്ചു. ഈ നിര്‍ദേശങ്ങള്‍ മാനേജ്മെന്റ് അംഗീകരിച്ചു.

ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസറുദീന്‍, സമരസമിതി ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരന്‍, ജനറല്‍ കണ്‍വീനറും സിഐടിയു ദേശീയ സെക്രട്ടറിയുമായ കെ എന്‍ ഗോപിനാഥ്, എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. ജോര്‍ജ് തോമസ്, കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് വി എസ് ജോണ്‍സന്‍, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജി, ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, എംജെയു സെക്രട്ടറി സുല്‍ഹഫ്, ടി നിഷാദ്, എംഇയു പ്രസിഡന്റ് ഫസലു റഹ്‌മാന്‍, സെക്രട്ടറി കെ സജീവന്‍, മാധ്യമം സിഇഒ പി എം സ്വാലിഹ്, സിഎഫ്ഒ സിറാജ് അലി, എച്ച് ആര്‍ മാനേജര്‍ ആസിഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ALSO READ: കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 53 വര്‍ഷം കഠിനതടവും 2.1 ലക്ഷം രൂപ പിഴയും