29
Jan 2026
Sun
29 Jan 2026 Sun
Election Commission appointment law Supreme Court

പതിനെട്ട് വയസ്സിന് താഴെയുള്ള നിശ്ചിത പ്രായപരിധിയില്‍ ഉള്ളവരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങളെ പോക്‌സോ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ റോമിയോ-ജൂലിയറ്റ് വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രിം കോടതി. പരസ്പര സമ്മതത്തോടെയുള്ള കൗമാര ബന്ധങ്ങളില്‍ പോക്‌സോ കേസ് ചുമത്തുന്ന രീതി ചര്‍ച്ചയായതോടെയാണ് വിദേശരാജ്യങ്ങളില്‍ നിലവിലുള്ള പതിനെട്ട് വയസ്സിനെ ചുവടെ നിശ്ചിത പ്രായവ്യത്യാസമുള്ള പ്രണയിതാക്കള്‍ തമ്മിലുള്ള ലൈംഗിക ബന്ധം ഉഭയ സമ്മതപ്രകാരമാണെങ്കില്‍ ശിക്ഷയില്‍ ഇളവ് ലഭിക്കുന്ന റോമിയോ-ജൂലിയറ്റ്’ ചട്ടം സുപ്രിംകോടതി പരിഗണനയില്‍ എടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടികളെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് കോടതിയുടെ നീക്കം. ഉഭയകക്ഷി പ്രകാരമുള്ള ലൈംഗിക ബന്ധത്തിന് കണക്കാക്കുന്ന പ്രായത്തെക്കാള്‍ രണ്ടു മുതല്‍ നാല് വയസ്സുവരെ കുറവുള്ളവര്‍ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ ക്രിമിനല്‍ കുറ്റമായി കണക്കാക്കാത്ത വ്യവസ്ഥ പല വിദേശരാജ്യങ്ങളിലും നിലവിലുണ്ട്.

കുട്ടികളെ സംരക്ഷിക്കാന്‍ നിര്‍മിച്ച പോക്‌സോ നിയമം പലപ്പോഴും വ്യക്തിപരമായ പകപോക്കലിനും കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാനുമുള്ള ആയുധമായി മാറുന്നുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വ്യാജ പരാതികള്‍ നല്‍കി കൗമാരക്കാരുടെ ജീവിതം തകര്‍ക്കുന്നവര്‍ക്കെതിരെ നിയമനടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. രാജ്യത്തുടനീളമുള്ള കോടതികളില്‍ പെണ്‍കുട്ടിയുടെ പ്രായം 18 വയസിന് താഴെയാണെന്ന് തെറ്റായി കാണിച്ച് ആണ്‍കുട്ടിയെ പോക്‌സോയുടെ കര്‍ശനമായ വ്യവസ്ഥകള്‍ക്ക് കീഴില്‍ കൊണ്ടുവരുന്ന കേസുകള്‍ ആവര്‍ത്തിച്ച് കണ്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

പോക്‌സോ കേസുകളില്‍ ജാമ്യം പരിഗണിക്കുമ്പോള്‍ ഇരയുടെ പ്രായം നിര്‍ണയിക്കാന്‍ വൈദ്യപരിശോധന നടത്തണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റോ ജനന സര്‍ട്ടിഫിക്കറ്റോ ഇല്ലാത്ത സാഹചര്യത്തില്‍ മാത്രമേ വൈദ്യപരിശോധന നടത്താവൂ എന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് വ്യക്തമാക്കുന്നുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു.

ALSO READ: വ്യാജ പോക്സോ കേസിൽ ജയിലിൽ അടയ്ക്കപ്പെട്ട സ്കൂൾ അധ്യാപകന് ഒടുവിൽ നീതി; നിരപരാധിയെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക