2005ലെ സുഹ്റബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ 21 പൊലീസ് ഉദ്യോഗസ്ഥരടക്കം 22 പേരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി പരിഗണിക്കും. കേസിലെ 92 സാക്ഷികൾ മൊഴി മാറ്റിയത് ആശങ്കയുണ്ടാക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
|
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സുഹ്റബുദ്ദീൻ ഷെയ്ഖിന്റെ സഹോദരൻ റുബാബുദ്ദീൻ ഷെയ്ഖ് സമർപ്പിച്ച അപ്പീൽ പരിഗണിച്ചത്. 2026 മേയ് 7ന് 22 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ.
കേസിൽ 92 സാക്ഷികൾ മൊഴി മാറ്റിയ സാഹചര്യം കോടതി ഗൗരവത്തോടെ കാണുന്നതായി ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി വ്യക്തമാക്കി. ഒരു വിചാരണയിൽ ഇത്രയധികം സാക്ഷികൾ കൂറുമാറുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, കേസിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഒഴിവാക്കിയ 2014ലെ വിചാരണക്കോടതി ഉത്തരവ് വീണ്ടും പരിശോധിക്കണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. അമിത് ഷായെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത ഹർജികൾ നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നുവെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.
2010 മുതൽ കേസുമായി ബന്ധപ്പെട്ട് നിയമപോരാട്ടം തുടരുകയാണെന്നും തന്റെ ആവശ്യപ്രകാരമാണ് അന്വേഷണം കൈമാറിയതെന്നും റുബാബുദ്ദീൻ ഷെയ്ഖിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡി.എസ്. നായിഡു കോടതിയെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ വാദം കേൾക്കുന്നതിനാണ് സുപ്രീം കോടതി അപ്പീൽ പരിഗണിക്കുന്നത്.
ALSO READ:മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബർ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





