ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര സ്വഭാവം തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍, മറ്റു കമീഷണര്‍മാര്‍ എന്നിവരെ നിയമിക്കുന്ന സമിതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്തിയതിനെയാണ് സുപ്രിം കോടതി ചോദ്യം ചെയ്തത്. പ്രധാനമന്ത്രിയുടെ താല്‍പര്യ പ്രകാരം കമ്മീഷന്‍ പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
|
തെരഞ്ഞെടുപ്പ് കമീഷന്‍ സ്വതന്ത്രമായാല്‍ പോരാ സ്വതന്ത്രമാണെന്ന് പ്രവൃത്തിയില്‍ കാണിക്കണമെന്നും രണ്ടംഗ ബെഞ്ചിനെ നയിച്ച ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അഭിപ്രായപ്പെട്ടു. സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷന് മാത്രമേ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയൂ എന്ന് ജസ്റ്റിസ് ദത്ത കൂട്ടിച്ചേര്‍ത്തു. 2023ലെ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജിയിലാണ് ജസ്റ്റിസ് ദത്തയുടെ പരാമര്‍ശം.
വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണോ?
അതേസമയം, 2023ലെ നിയമം ചോദ്യം ചെയ്യുന്ന ഹരജികള്‍ വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യത്തില്‍ സുപ്രീംകോടതി ഭിന്നവിധി പുറപ്പെടുവിച്ചു. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, സര്‍ക്കാറിന്റെ ആവശ്യം തള്ളിയപ്പോള്‍ ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ സര്‍ക്കാറിന് അനുകൂല നിലപാട് സ്വീകരിച്ചു. ഭിന്നവിധിയുടെ സാഹചര്യത്തില്‍, ഭരണഘടനാ ബെഞ്ച് രൂപവത്കരിക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിഷയം ചീഫ് ജസ്റ്റിസിന്റെ മുമ്പാകെ വെക്കാന്‍ ബെഞ്ച് ഉത്തരവിട്ടു.
പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന മന്ത്രിക്ക് തന്റെ പേര് നിര്‍ദേശിച്ച പ്രധാനമന്ത്രിയെ ധിക്കരിക്കാനാകില്ലെന്ന് ജസ്റ്റിസ് ദത്ത ചൂണ്ടിക്കാട്ടി. കൂട്ടുത്തരവാദിത്തമെന്ന തത്ത്വം അതിന് അനുവദിക്കുകയുമില്ല. ഒരു നിഷ്പക്ഷ വ്യക്തി എടുക്കുന്ന സ്വതന്ത്ര നിലപാട് കാബിനറ്റ് മന്ത്രിമാര്‍ക്ക് എടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍, മറ്റ് കമീഷണര്‍മാര്‍ എന്നിവരെ സ്വന്തം വരുതിയിലാക്കാന്‍ അവരുടെ നിയമന, സേവന, കാലാവധി വ്യവസ്ഥകള്‍ സംബന്ധിച്ച നിയമത്തില്‍ 2023ല്‍ കൊണ്ടുവന്ന ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഭരണഘടനയുടെ 145(3) വകുപ്പിന് കീഴില്‍ വിശാല ബെഞ്ചിന് വിടണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അഞ്ച് ദിവസം വാദം കേട്ട വിഷയത്തില്‍, നിര്‍ഭാഗ്യവശാല്‍ ബെഞ്ചിന് ഭിന്നാഭിപ്രായമാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ഭരണാധികാരികള്‍ നിയമത്തിന് വിധേയരായിരിക്കണമെന്നതും അവര്‍ നിയമത്തിന് മുകളില്‍ അല്ലെന്നതും ഭരണഘടനാ വ്യവസ്ഥയുടെ അടിസ്ഥാന തത്ത്വമാണെന്ന് വ്യക്തമാക്കി.
ജസ്റ്റിസ് ദത്തയുടെ നിരീക്ഷണങ്ങളോട് പൂര്‍ണമായും വിയോജിച്ച ജസ്റ്റിസ് ശര്‍മ നിയമത്തിലെ കാതലായ വിഷയം വിശാല ബെഞ്ച് തീരുമാനിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. 2023ലെ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമീഷണര്‍മാരെ നിയമിക്കുന്ന സമിതിയില്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഒരു കേന്ദ്രമന്ത്രിയുമാണ് ഉള്‍പ്പെടുക. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷനെന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണെന്നാണ് ഹരജിയിലെ വാദം.
Tags:
`Supreme Court, Election Commission, Election Commissioners, Chief Election Commissioner, CEC, EC, Election Commission Appointment Law, 2023 Election Law, Constitution Bench, Justice Dipankar Datta, Justice Satish Chandra Sharma, Chief Justice of India, Election Commission Independence, സുപ്രീംകോടതി, തെരഞ്ഞെടുപ്പ് കമ്മീഷൻ, തെരഞ്ഞെടുപ്പ് കമ്മീഷണർ, ഭരണഘടനാ ബെഞ്ച്`
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




