08
Oct 2023
Fri
08 Oct 2023 Fri

മുസ്ലിം ലീഗിന്റെ ചെലവില്‍ ശശി തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തി: പരിഹസിച്ച് സ്വരാജ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍: മുസ്ലിം ലീഗ് നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ ഹമാസിനെ ഭീകരവാദി സംഘടനയാക്കി വിശേഷിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂരിന്റെ പ്രസ്താവനയെ പരിഹസിച്ച് സിപിഎം നേതാവ് എം സ്വരാജ്. മുസ്ലിം ലീഗിന്റെ ചെലവില്‍ ശശി തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയെന്ന് സ്വരാജ് പ്രതികരിച്ചു. ഫലസ്തീന്റെ ഭാഗത്ത് നിന്നുണ്ടായത് ഭീകരവാദികളുടെ അക്രമണവും ഇസ്രായേലിന്റേത് മറുപടിയുമാണെന്നാണ് തരൂര്‍ പറയുന്നത്. വാക്കുകള്‍ക്ക് അര്‍ഥമുണ്ടെന്നും ഒക്ടോബര്‍ ഏഴിനല്ല ചരിത്രം ആരംഭിച്ചതെന്നും അറിയാത്ത ആളല്ല തരൂര്‍ എന്നും സ്വരാജ് ഫേസ്ബുക്കില്‍ വിമര്‍ശിച്ചു.

എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവില്‍ ഡോ. ശശി തരൂര്‍ ഇസ്രായേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയിരിക്കുന്നു. രാജ്യത്തിന്റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും പലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് ‘ഭീകരവാദികളുടെ അക്രമ’ണമാണെന്ന് ഡോ.ശശി തരൂര്‍ ഉറപ്പിക്കുന്നു.

ഒപ്പം ഇസ്രായേലിന്റേത് ‘മറുപടി’യും ആണത്രെ..!വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം. ഒക്ടോബര്‍ ഏഴാം തീയതിയല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. എന്നിട്ടും ഇസ്രയേല്‍ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെല്‍ അവീവില്‍ നിന്ന് ഇസ്രയേലും കോഴിക്കോട്ടെ ലീഗ് വേദിയില്‍ നിന്നും ഡോ. ശശി തരൂരും പലസ്തീനെ അക്രമിക്കുമ്പോള്‍ മുസ്ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോല്‍പിച്ച ആഹ്ലാദത്തിലാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക