08
Mar 2024
Sat
08 Mar 2024 Sat
tdp and janasena party finalise deal with nda

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നീക്കുപോക്കുകളുടെ ഭാഗമായി ആന്ധ്രാപ്രദേശിലെ തെലുഗുദേശം പാര്‍ട്ടിയും ജനസേനാ പാര്‍ട്ടിയും എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന ആന്ധ്രാ നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ വിജയം തേടിയാണ് ചന്ദ്രബാബു നായിഡു നയിക്കുന്ന തെലുഗുദേശം പാര്‍ട്ടിയില്‍ എന്‍ഡിഎയില്‍ ചേര്‍ന്നിരിക്കുന്നത്. ആന്ധ്രാപ്രദേശം നശിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും വരുന്ന പൊതുതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം ചേര്‍ന്ന് വലിയ വിജയം തേടുമെന്നും ചന്ദ്രബാബു നായിഡു മാധ്യമങ്ങളോടു പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സീറ്റ് വീതംവയ്ക്കല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെ ടിപിയെയും ജനസേനാ പാര്‍ട്ടിയെയും എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്തു ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ എക്‌സില്‍ കുറിപ്പിട്ടു.
ചന്ദ്രബാബു നായിഡുവിനെയും ജനസേനാ പാര്‍ട്ടി അധ്യക്ഷന്‍ പവന്‍ കല്യാണെയും എന്‍ഡിഎ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവന്നും നദ്ദ കുറിച്ചു.വെള്ളിയാഴ്ചയാണ് ഇരുനേതാക്കളും കേന്ദ്ര ആഭ്യന്തരമന്ത്രികൂടിയായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സീറ്റ് വീതംവയ്ക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ആന്ധ്രയില്‍ തെലുഗുദേശം പാര്‍ട്ടിക്ക് ലോക്‌സഭയിലേക്ക് 17സീറ്റും ബിജെപിക്ക് ആറും ജനസേനാപാര്‍ട്ടിക്ക് രണ്ടും സീറ്റുകളാണ് നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം.

2018വരെ ടിഡിപി എന്‍ഡിഎയുടെ ഭാഗമായിരുന്നെങ്കിലും സംസ്ഥാനത്തിനുള്ള കേന്ദ്ര സാമ്പത്തിക പിന്തുണയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തോടെ മുന്നണിയില്‍ നിന്നു പിന്‍വാങ്ങുകയായിരുന്നു. ഇതിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി സീറ്റുകള്‍ തൂത്തുവാരുകയും ടിഡിപി ദയനീയമായി പരാജയപ്പെടുകയും ചെയ്തു. 130 സീറ്റുകളില്‍ 29 ഇടത്തു മാത്രമായിരുന്നു ടിഡിപി ജയിച്ചത്.

25 ലോക് സഭാ സീറ്റുകളില്‍ 22 എണ്ണവും ജഗന്‍ മോഹന്റെ പാര്‍ട്ടി നേടുകയുണ്ടായി. ടിഡിപിക്ക് മൂന്നു സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് സംപൂജ്യരായി മാറുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക