ചായപ്പൊടിക്ക് പകരം ടീബാഗ് ഉപയോഗിച്ച് ചായ ഉണ്ടാക്കുന്നവര്‍ നിരവധിയാണ്. (Tea Bags Release Billions Of Harmful Microplastics, Study Finds)) ചെറുകിട റസ്‌റ്റൊറന്റുകള്‍ മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ വരെ ടീബാഗ് ഉപയോഗിക്കുന്നു. എളുപ്പവും കടുപ്പം കൂട്ടാനും കുറക്കാനുമൊക്കെ സൗകര്യപ്രദവുമാണെന്നത് ടീബാഗിന്റെ മെച്ചമാണ്.
|
എന്നാല്‍, ടീബാഗുകള്‍ ആരോഗ്യത്തിന് വലിയ ഭീഷണിയുണ്ടാക്കുമെന്ന് സൂചന നല്‍കുന്ന ഒരു പഠനഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരൊറ്റ ടീബാഗില്‍ തന്നെ കോടിക്കണക്കിന് മൈക്രോപ്ലാസ്റ്റിക്കുകള്‍ ഉണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.
സ്പെയിനിലെ യൂണിവേഴ്സിറ്റി ഓഫ് ബാഴ്സലോണയാണ് ടീ ബാഗുകള്‍ ഓരോ കപ്പ് ചായയിലേക്കും കോടിക്കണക്കിന് മൈക്രോ പ്ലാസ്റ്റിക്കുകള്‍ വീഴാന്‍ കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇവ കുടലിലെത്തിയാല്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമെന്നും പഠനം പറയുന്നു. വിവിധ ബ്രാന്‍ഡുകളില്‍പ്പെട്ട പല ടീ ബാഗുകളും മൈക്രോപ്ലാസ്റ്റിക്കുകള്‍ ശരീരത്തിലെത്താന്‍ കാരണമാകുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.
ചൂട് വെള്ളത്തില്‍ ടീ ബാഗുകള്‍ ഇടുമ്പോള്‍ വലിയ അളവില്‍ നാനോ വലിപ്പത്തിലുള്ള കണങ്ങളും നാനോഫിലമെന്റസ് ഘടനകളും ചായയിലെത്തുമെന്ന് യൂണിവേഴ്സിറ്റി ഓഫ് ബാഴ്സലോണയിലെ പഠനസംഘം കണ്ടെത്തി.
നൈലോണ്‍-6, പോളിപ്രൊഫൈലിന്‍, സെല്ലുലോസ് എന്നീ പോളിമറുകള്‍ ഉപയോഗിച്ചാണ് ഗവേഷണത്തിന് ഉപയോഗിച്ച ടീ ബാഗുകള്‍ നിര്‍മിച്ചത്. പോളിപ്രൊഫൈലിന്‍ ഒരു മില്ലി ലിറ്ററിന് ഏകദേശം 1.2 ബില്യണ്‍ നാനോ പ്ലാസ്റ്റിക്ക് പുറത്തുവിടുന്നു. സെല്ലുലോസ് ഒരു മില്ലിലിറ്ററിന് ഏകദേശം 135 ദശലക്ഷം പ്ലാസ്റ്റിക് കണങ്ങളും നൈലോണ്‍-6 ഒരു മില്ലിലിറ്ററിന് 8.18 ദശലക്ഷം മൈക്രോപ്ലാസ്റ്റിക്കുകളും പുറത്തുവിടുന്നതായി പഠന റിപ്പോര്‍ട്ടിലുണ്ട്.


