ഹൈദരാബാദ്: എന്‍ഐഎ കേസില്‍ പോപുലര്‍ ഫ്രണ്ടിന്റെ മുന്‍ പ്രവര്‍ത്തകരായ ഒമ്പതുപേര്‍ക്ക് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷ തള്ളിയ ഹൈദരാബാദ് എന്‍ഐഎ സ്‌പെഷ്യല്‍ കോടതി നടപടിക്കെതിരേ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.(telengana highcourt grants bail to nine former pfi workers)
|
ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. കുറ്റാരോപിതര്‍ ഇതിനകം 18 മാസം ജയിലില്‍ കഴിഞ്ഞതായും ജാമ്യം നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കിയ ജസ്റ്റിസുമാരായ കെ ലക്ഷ്മണ്‍, പി ശ്രീസുധ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ആവശ്യമുള്ളപ്പോള്‍ പൊലീസിനു മുന്നില്‍ ഹാജരാവണമെന്നും കുറ്റാരോപിതര്‍ക്കു നിര്‍ദേശം നല്‍കി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയാല്‍ പ്രോസിക്യൂഷന് ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. ജാമ്യത്തിലിറങ്ങുന്ന കുറ്റാരോപിതര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തിയാല്‍ എന്‍ഐഎയ്ക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും ബെഞ്ച് നിര്‍ദേശിച്ചു.
അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ബി നരസിംഹ ശര്‍മാണ് ജാമ്യാപേക്ഷയെ എതിര്‍ത്തത്. മുതിര്‍ന്ന അഭിഭാഷകനായ വി രഘുനാഥ്, അഭിഭാഷകരായ ടി രാഹുല്‍, ഷെയ്ഖ് മുഹമ്മദ് റിസ് വാന്‍, റിസ് വാന്‍ അഖ്തര്‍, മുഹമ്മദ് മൊയിനുദ്ദീന്‍ എന്നിവര്‍ പ്രതിഭാഗത്തിനു വേണ്ടി കോടതിയില്‍ ഹാജരായി.
കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്നോടിയായാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ ഇസ് ലാമിക ഭരണം കൊണ്ടുവരുന്നതിന് ക്രിമിനല്‍ ഗൂഢാലോചന നടത്തി, യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്തു എന്നതടക്കമുള്ള കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. നിസാമാബാദ് പൊലീസ് എടുത്ത കേസ് 2022 ആഗസ്തില്‍ എന്‍ഐഎക്ക് കൈമാറുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





