തലശേരി: നഗരമധ്യത്തിലെ പ്രവാസിയുടെ വീട്ടിൽനിന്നു 10 ലക്ഷം രൂപ വില വരുന്ന ഡയമണ്ട് നെക്ലേസ് കവർന്നു രക്ഷപ്പെടുന്നതിനിടെ പഴയ രണ്ടുസാരിവാങ്ങുന്നതിനായി തിരികെയെത്തിയ വീട്ടുജോലിക്കാരിയെ പിടികൂടി. സേലം കൽത്താനം സ്വദേശിനി വിജയലക്ഷ്മി(40)യാണ് ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് ഡയമണ്ട് നെക്ലേസ് അടിച്ചുമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചത്. തലശേരി ടൗൺ പൊലീസ് ആണ് വിജയലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. രേഷ്മയുടെ പ്രായമായ ഉമ്മയെ സഹായിക്കാനായി വീട്ടിൽജോലിക്കുവന്നതായിരുന്നു വിജയലക്ഷ്മി.
|
ചിറക്കര മറ ഹൗസിൽ രേഷ്മ സാജിദിൻറെ ഡയമണ്ടാണ് കവർന്നത്. രേഷ്മയുടെ വീട്ടിൽ ജോലിക്കാരിയായിരുന്നു വിജയലക്ഷ്മി. രേഷ്മ കുളിക്കാൻ കയറിയപ്പോൾ കിടപ്പു മുറിയിൽ അഴിച്ചുവച്ചിരുന്നതാണ് ആഭരണം. കുളികഴിഞ്ഞ് നെക്ലേസ് അണിയാൻ ശ്രമിക്കുന്നതിനിടയിൽ ഇതു നിലത്തു വീഴുകയും കട്ടിലിനിടയിലേക്ക് തെറിച്ചു പോകുകയും ചെയ്തു. കട്ടിൽ നീക്കി ആഭരണം എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പിന്നെ എടുക്കാമെന്ന് കരുതിയ രേഷ്മ ഇക്കാര്യം മറന്നുപോകുകയും ചെയ്തു.
കഴിഞ്ഞദിവസം നെക് ലേസ് ഓർമ വന്നപ്പോൾ മാല തിരഞ്ഞെങ്കിലും കണ്ടില്ല. വീട്ടുജോലിക്കെത്തിയ വിജയലക്ഷ്മി മാത്രമായിരുന്നു ഈ ദിവസങ്ങളിൽ പുറത്തുനിന്നു വന്നിരുന്നത്. സംശയം മൂലം രേഷ്മ ഉമ്മയെക്കൊണ്ട് വിജയലക്ഷ്മിയെ ഫോണിൽ വിളിപ്പിച്ചു. നാട്ടിൽ പോവുകയാണെന്ന് വിജയലക്ഷ്മി പറഞ്ഞതോടെ മകൾ ഏതാനും സാരി ഏൽപ്പിച്ചിട്ടുണ്ടെന്നും വന്ന് വാങ്ങിപ്പോവാനും രേഷ്മയുടെ ഉമ്മ പറഞ്ഞു. ഇതോടെ വിജയലക്ഷ്മി വീട്ടിൽ തിരികെയെത്തി. തുടർന്ന് രേഷ്മ വിജയലക്ഷ്മിയുടെ ബാഗ് പിടിച്ചുവാങ്ങി പരിശോധിച്ചെങ്കിലും മാല കണ്ടെത്താനായില്ല. വിജയലക്ഷ്മിയുടെ ഫോൺ വാങ്ങി പരിശോധിച്ചപ്പോൾ ഒരു വലിയ ബാഗിൻറെ ഫോട്ടോ മറ്റാർക്കോ അയച്ചുനൽകിയ ഫോട്ടോ രേഷ്മ കണ്ടു.
ഇതിനിടയിൽ സ്ഥലത്തെത്തിയ എസ്ഐ സജേഷിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിജയലക്ഷ്മിയെ ചോദ്യം ചെയ്തെങ്കിലും താൻ ഒന്നും എടുത്തിട്ടില്ല എന്നായിരുന്നു വിജയലക്ഷ്മിയുടെ നിലപാട്. നാട്ടിലേക്ക് പോവാനെടുത്ത വലിയ ബാഗ് എവിടെയെന്ന ചോദ്യത്തിന് നഗരത്തിലെ ഒരു കടവരാന്തയിൽ വച്ചിട്ടുണ്ടെന്ന് മറുപടി നൽകി.പൊലീസ് ഈ ബാഗ് കണ്ടെടുത്തു വന്ന ശേഷം നടത്തിയ പരിശോധനയിലും നെക് ലേസ് കണ്ടെത്തിയില്ല. ബാഗിലുണ്ടായിരുന്ന സോപ്പ് പെട്ടി പൊട്ടിച്ചു നോക്കിയപ്പോഴാണ് നെക് ലേസ് കണ്ടത്.
വിജയലക്ഷ്മി മുമ്പു ജോലി ചെയ്തിരുന്ന പല വീടുകളിൽ നിന്നും വിജയലക്ഷ്മി മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





