ഇറാന്റെ പുതിയ പരമോന്നത നേതാവിനെയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്രായേല്‍. ഇറാന് പുതിയ നേതാവിന്റെപേര് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കേയാണ് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്സിന്റെ ഭീഷണി.
|
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ‘വധിക്കപ്പെടാനുള്ള ലക്ഷ്യം’ ആയിരിക്കുമെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ പറഞ്ഞു. ” ഇസ്രയേലിനെ നശിപ്പിക്കാനും, അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ഭീഷണിപ്പെടുത്താനും, ഇറാനിയന്‍ ജനതയെ അടിച്ചമര്‍ത്താനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോകാന്‍ ഇറാനിലെ ഭീകര ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും വധിക്കപ്പെടാനുള്ള ലക്ഷ്യമായിരിക്കും” കാട്സ് കുറിച്ചു.
ഹോര്‍മുസ് പൂര്‍ണ നിയന്ത്രണത്തിലെന്ന് ഇറാന്
ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ക്കാണെന്ന് ഇറാന് റവല്യൂഷനറി ഗാര്‍ഡ്. പാതയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് മിസൈലുകളില്‍ നിന്നോ ഡ്രോണുകളില്‍ നിന്നോ ഭീഷണി നേരിടാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്കി. ” നിലവില്‍ ഹോര്‍മുസ് കടലിടുക്ക് ഇറാന് നാവികസേനയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്” സേനാ വക്താവ് മുഹമ്മദ് അക്ബര്‍സാദെ പ്രസ്താവനയില്‍ പറഞ്ഞു. ഫാര്‍സ് വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്. എണ്ണനീക്കത്തിനുള്ള സുപ്രധാന പാതയാണ് ഹോര്‍മുസ്.
സൗദിയിലേക്ക് ഇറാന് ഡ്രോണുകള്‍; തകര്‍ത്ത് സൈന്യം
സൗദിയുടെ കിഴക്കന്‍ മേഖലയിലേക്ക് എത്തിയ ഇറാന് ഡ്രോണുകള്‍ തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. സൗദിയിലേക്കെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സേന ഇന്നലെ തകര്‍ത്തിരുന്നു. ബാഗ്ദാദ് വിമാനത്താവളത്തിന് അടുത്തുള്ള യുഎസ് എംബസി കെട്ടിടത്തിനു നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. ഇസ്രയേലില്‍ ഇറാന് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് വലിയ സ്ഫോടനം ശബ്ദം കേട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലബനനില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കി. ലബനന്റെ തെക്കന്‍ മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചു.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കണ്ട്രോള് റൂം തുറന്നു. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തനം.
കിഴക്കന്‍ ലെബനനിലെ കെട്ടിടത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നാല് മരണം. ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു. യുദ്ധത്തിനിടെ ഒമാനില്‍ കുടുങ്ങിയ പൗരന്മാരെ തിരികെയെത്തിക്കാന്‍ ബ്രിട്ടന് വിമാനങ്ങള്‍ അയയ്ക്കും.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനിടെ കുവൈത്തില്‍ ഷെല്‍ ചില്ലുകള്‍ തറച്ച് പെണ്‍കുട്ടി മരിച്ചു. ജനവാസ മേഖലയില്‍ ഷെല്‍ ചില്ലുകള്‍ വീണതിനെത്തുടര്‍ന്ന് 11 വയസ്സുകാരി മരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. ”ജീവന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരുക്കുകള്‍ ഗുരുതരമായതിനാല്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി”ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍സന്ദ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ കുടുംബത്തിലെ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



