കാഠ്മണ്ഡു: നേപ്പാളിനെ തകർത്തെറിഞ്ഞ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 543 ആയി. നേപ്പാളിലെ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 538 പേർ മരിക്കുകയും 977ലേറെ പേരെ കാണാതാവുകയും ചെയ്തു. ബുധനാഴ്ചയുണ്ടായ ദുരന്തത്തിൽ ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത അഞ്ച് മരണങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് മരണസംഖ്യ 543 ആയത്. നേപ്പാളിലെയും ചൈനയിലെയും കണക്കുകൾ പ്രകാരം ആകെ 1,500ലേറെ പേരെയാണ് കാണാതായത്.
|
തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. 14,000ലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു. ഇതുവരെ 3,742 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
2015ലെ ശക്തമായ ഭൂകമ്പത്തിന് ശേഷം നേപ്പാൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്. യുഎസ് ജിയോളജിക്കൽ സർവേയുടെ പ്രാഥമിക വിലയിരുത്തൽ പ്രകാരം ഹിമാനി തകർന്നതിനെ തുടർന്നുണ്ടായ വൻതോതിലുള്ള മഞ്ഞും അവശിഷ്ടങ്ങളും ഒഴുകിയെത്തിയതാണ് പ്രളയത്തിന് കാരണമായത്.
അതേസമയം, ടിബറ്റ് ഭാഗത്തെ ഒരു അണക്കെട്ട് തകർന്നതിനെ തുടർന്ന് നേപ്പാൾ പൊലീസ് വെള്ളിയാഴ്ച വീണ്ടും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തകരും അതീവ ജാഗ്രത പാലിക്കണമെന്നും സാഹചര്യം ആവശ്യപ്പെട്ടാൽ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിർദേശം നൽകി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





