08
Sep 2023
Sat
08 Sep 2023 Sat

ജിദ്ദ: എണ്ണൂറിലധികം ജീവനുകളപഹരിച്ച മൊറോക്കന്‍ ഭൂചലനത്തില്‍ നിന്ന് രക്ഷപ്പെട്ടത് വിശ്വസിക്കാനാവാതെ ജിദ്ദയിലെ ആദ്യകാല മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ഹസന്‍ ചേളാരിയും സുഹൃത്തുക്കളായ ഇബ്രാഹിം എറക്കുത്തും ആവണം അബ്ദുല്ലയും. ഭൂകമ്പം നിലംപരിശാക്കിയ മറാകെഷ് നഗരത്തില്‍ നിന്ന് കഴിഞ്ഞ രാത്രിയിലാണ് 560 കിലോമീറ്ററകലെ, ടാന്‍ജിര്‍ നഗരത്തിലേക്ക് ഇവരെത്തിയത്. അവിചാരിതമായ കുലുക്കത്തില്‍ മറാകെഷിന്റെ ഭൂമി പിളരുന്നതിന് മുമ്പ് വരെ സംഭവസ്ഥലത്ത് നിന്ന് അധികം അകലെയല്ലാതെയുള്ള ഹോട്ടലില്‍ ആയിരുന്നു ഇവര്‍ മൂവരും താമസിച്ചിരുന്നത്. മൂന്നു മണിക്കൂര്‍ യാത്ര ചെയ്ത് ജിബ്രാള്‍ട്ടറിനടുത്ത് സ്‌പെയിന്റെ അതിര്‍ത്തി നഗരമായ ടാന്‍ജിറിലെത്തിയപ്പോഴാണ് മൊറോക്കോ സമയം രാത്രി പതിനൊന്നേകാലിന് ഭൂകമ്പമുണ്ടായ വാര്‍ത്തയറിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറാക്കെഷിലുള്ള മൊറോക്കന്‍ സുഹൃത്തുമായി ഹസന്‍, രാത്രി ഫോണില്‍ സംസാരിച്ചിരുന്നു. ഈ സമയം ഭൂമി കുലുക്കം അനുഭവപ്പെടുന്നതായി സുഹൃത്ത് പറയുകയും ഫോണ്‍ ബന്ധം നഷ്ടമാവുകയും ചെയ്തു. പിന്നീട് ഇന്ന് രാവിലെ മുതല്‍ പലവട്ടം അദ്ദേഹേത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നിരാശനാവുകയായിരുന്നുവെന്ന് ഹസന്‍ പറയുന്നു.

ഈജിപ്തില്‍ നിന്ന് വിനോദസഞ്ചാരികളായി ഒരാഴ്ച മുമ്പാണ് മൂവരും മൊറോക്കോയില്‍ എത്തിയത്. 12ന് ദുബായ് വഴി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയാണെന്ന് ഹസന്‍ പറഞ്ഞു. പ്രകൃതി സൗന്ദര്യം പുതഞ്ഞുകിടക്കുന്ന മറാക്കെഷിന്റെ 70 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ് ഭൂകമ്പം വെള്ളിയാഴ്ച രാത്രി വന്‍നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണെന്നുമാണ് അവിടെ നിന്നുള്ള റിപോര്‍ട്ടുകളെന്നും ഇന്ത്യാ വിഷന്‍ ചാനലിന്റെ ആരംഭകാല ഡയരക്ടര്‍മാരിലൊരാള്‍ കൂടിയായ ഹസന്‍ ചേളാരി പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക