01
Mar 2023
Wed
01 Mar 2023 Wed

തിരുപ്പതി: ഫേഷ്യല്‍ റെകഗ്നീഷ്യന്‍ സാങ്കേതിക വിദ്യ ഏര്‍പ്പെടുത്തി തിരുപ്പതി ക്ഷേത്രം. ദര്‍ശനത്തിനെത്തുന്ന വിശ്വാസികള്‍ക്കായാണ് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രം വൈകുണ്ഡം 2, അക്കോമഡേഷന്‍ മാനേജ് മെന്റ് സിസ്റ്റം എന്നിവിടങ്ങളില്‍ ഫേഷ്യല്‍ റെകഗ്നീഷ്യന്‍ സാങ്കേതികവിദ്യ ഏര്‍പ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടോക്കണ്‍രഹിത ദര്‍ശനത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനും റൂമുകള്‍ അനുവദിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നടപടി. ഒരു വിശ്വാസി മാസത്തില്‍ ഒന്നിലധികം സൗജന്യ ദര്‍ശനം നടത്തുന്നത് തടയാന്‍ ഇതിലൂടെ അധികൃതര്‍ക്കാവും. ഒരാള്‍ ഒന്നിലധികം തവണ ദര്‍ശനം നടത്തുന്നതിലൂടെ നിരവധി പേര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയാതെ വരുന്ന സാഹചര്യം വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ഫേഷ്യല്‍ റെകഗ്നീഷ്യന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.

കുറഞ്ഞ തുകയ്ക്ക് മുറിയെടുത്ത ശേഷം ഇത് കൂടിയ തുകയ്ക്ക് മറ്റുള്ളവര്‍ക്ക് നല്‍കുന്ന സംഭവങ്ങളും ഉണ്ടാവുന്നുണ്ടായിരുന്നു. ഫേഷ്യല്‍ റെകഗ്നീഷ്യന്‍ ഏര്‍പ്പെടുത്തുന്നതിലൂടെ റൂം എടുത്തയാള്‍ക്ക് മാത്രമേ ഇവിടെ പ്രവേശിക്കാന്‍ കഴിയൂ. ഒരാള്‍ക്ക് കൂടുതല്‍ റൂം എടുക്കാനും കഴിയില്ല. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇങ്ങനെ തടയിടാനാവുമെന്നാണ് ക്ഷേത്രം അധികൃതരുടെ പ്രതീക്ഷ.

ഫെബ്രുവരി 27ന് മാത്രം 71387 വിശ്വാസികളാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ഇവര്‍ 5.71 കോടി രൂപ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുകയും ചെയ്തുവെന്ന് തിരുപ്പതി ക്ഷേത്രം അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക