പശ്ചിമബംഗാളില്‍ ബിജെപി ടാഗുകളോടു കൂടിയ വോട്ടിങ് മെഷീനുകള്‍ കണ്ടെത്തിയതായി തൃണമൂല്‍ കോണ്‍ഗ്രസ്. ബങ്കുരയില്‍ രഘുനാഥപുറിലാണ് കൃത്രിമം നടത്തിയ വോട്ടിങ് മെഷീനുകള്‍ കണ്ടതെന്ന് തൃണമൂല്‍ ആരോപിച്ചു. ഇതുസംബന്ധിച്ച ഫോട്ടോകളും പാര്‍ട്ടി പുറത്തുവിട്ടു. അഞ്ച് ഇവിഎമ്മുകളിലാണ് ബിജെപി എന്നെഴുതിയ ടാഗുകള്‍ ഉണ്ടായിരുന്നത്. ഇതിനെതിരേ നടപടി സ്വീകരിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
|
2019ല്‍ കാണാതായ വോട്ടിങ് മെഷീനുകളുമായി വച്ചുമാറാനാണ് ബിജെപിയുടെ നീക്കമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. ഒന്ന്, രണ്ട് ഘട്ട തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് ശതമാനത്തില്‍ വലിയ വര്‍ധനവ് ഉണ്ടായ സാഹചര്യത്തില്‍ കൂടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടിങ് മെഷീനുകളിലെ ബിജെപി ടാഗ് അടക്കമുള്ള തെളിവുകള്‍ ചൂണ്ടിക്കാട്ടി രംഗത്തുവന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളില്‍ ബിജെപിക്ക് വോട്ട് കുറവുള്ള മേഖലകളില്‍ 5.75 ശതമാനത്തിന്റെ വര്‍ധനവാണ് പെട്ടെന്നുണ്ടായിരിക്കുന്നത്. ഇതെങ്ങനെയാണെന്ന് തങ്ങള്‍ക്കറിയണം. ആരാണ് ഇവിഎമ്മുകളും ഇവയില്‍ ഉപയോഗിക്കുന്ന ചിപ്പുകള്‍ നിര്‍മിക്കുന്നതെന്ന് അറിയണം. 19 ലക്ഷം വോട്ടിങ് മെഷീനുകള്‍ കാണാതായിട്ട് വര്‍ഷങ്ങളേറെയായി. ഈ മെഷീനുകളില്‍ കൃത്രിമം നടത്തിയ ശേഷം പുതിയ വോട്ടിങ് മെഷീനുകളുമായി വച്ചുമാറുകയാണെന്ന സംശയമുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





