26
Jun 2026
Thu
26 Jun 2026 Thu
TAMILNADU GOLD RING PROJECT

സൂപ്പര്‍ താരമായിരുന്ന വിജയ് നയിക്കുന്ന തമിഴ് നാട് സര്‍ക്കാരിന്റെ മറ്റൊരു സൂപ്പര്‍ പദ്ധതി. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരുഗ്രാം സ്വര്‍ണ മോതിരം നല്‍കുന്ന(gold ring for babies) പുതിയ ക്ഷേമപദ്ധതി തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ ടിവികെയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന ‘തായ് മാമന്‍ തങ്ക മോതിരം’ പദ്ധതിയാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രഖ്യാപിച്ചത്. പദ്ധതിക്കായി പ്രതിവര്‍ഷം 755.83 കോടി രൂപ വകയിരുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിജയ് യുടെ ജന്മദിനമായ ജൂണ്‍ 22 മുതല്‍ ജനിക്കുന്ന മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. എന്നാല്‍, മുന്‍ മുഖ്യമന്ത്രി സിഎന്‍ അണ്ണാദുരൈയുടെ ജന്മവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 15ന് ആണ് പദ്ധതി ഔദ്യോഗികമായി ആരംഭിക്കുക. ഒരോവര്‍ഷവും ഏകദേശം നാല് ലക്ഷം കുഞ്ഞുങ്ങള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതുതായി ജനിക്കുന്ന കുഞ്ഞിന് മാതൃസഹോദരന്‍ സമ്മാനവും അനുഗ്രഹവും നല്‍കുന്ന പാരമ്പര്യത്തിന്റെ പ്രതീകാത്മക രൂപമായാണ് സര്‍ക്കാര്‍ ഈ പദ്ധതിയെ അവതരിപ്പിക്കുന്നത്. കുഞ്ഞുങ്ങളോടും കുടുംബങ്ങളോടുമുള്ള കരുതലിന്റെ അടയാളമായാണ് സര്‍ക്കാര്‍ സ്വര്‍ണ മോതിരം നല്‍കുന്നത്.

ALSO READ: പശ്ചിമേഷ്യന്‍ യുദ്ധത്തേക്കാള്‍ വലിയ ദുരന്തം വരുന്നു; ഇന്ത്യയെ പിടിച്ച് കുലുക്കും

പ്രഗ്‌നന്‍സി ആന്‍ഡ് ഇന്‍ഫന്റ് കൊഹോര്‍ട്ട് മോണിട്ടറിങ് ആന്‍ഡ് ഇവാലുവേഷന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും റീപ്രൊഡക്ടിവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് ഐഡി ഉള്ളതുമായ അമ്മമാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ്, ക്ഷേമ ബോര്‍ഡുകള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, തപാല്‍ വകുപ്പിന്റെ വിലാസ രേഖ, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷക്കായി സമര്‍പ്പിക്കേണ്ടിവരും.

കുഞ്ഞുങ്ങള്‍ക്ക് ലിംഗഭേദമില്ലാതെ ആനുകൂല്യം ലഭ്യമാകും. ഒന്നിലധികം പ്രസവങ്ങളുള്ള അമ്മമാര്‍ക്കും നിയന്ത്രണങ്ങളില്ലാതെ പദ്ധതി പ്രയോജനപ്പെടുത്താമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ വര്‍ഷംതോറുമുള്ള 4.42 ലക്ഷം പ്രസവങ്ങളില്‍ 54 ശതമാനം മെഡിക്കല്‍ കോളജ് ആശുപത്രികളിലും 37 ശതമാനം ജില്ലാ, ഉപജില്ല ആശുപത്രികളിലുമാണ് നടക്കുന്നത്. ബാക്കി ഒമ്പത് ശതമാനം പ്രസവങ്ങള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമാണ് രേഖപ്പെടുത്തുന്നത്.

പദ്ധതിയുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി പ്രത്യേക സംസ്ഥാന പ്രോജക്ട്/പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് രൂപീകരിക്കും. ഓരോ ജില്ലയിലും പ്രത്യേക ലോജിസ്റ്റിക്സ് മാനേജര്‍മാരെ നിയമിച്ച് പ്രതിമാസ സ്റ്റോക്ക് പരിശോധന നിര്‍ബന്ധമാക്കും. സംസ്ഥാനതലത്തില്‍ പ്രത്യേക നോഡല്‍ ഓഫീസറും മേല്‍നോട്ടം വഹിക്കും. വിതരണ സംവിധാനം ‘ഹബ് ആന്‍ഡ് സ്പോക്ക്’ മാതൃകയിലായിരിക്കും.

മെഡിക്കല്‍ കോളജ് ആശുപത്രികളുടെ ഡീന്‍, ജില്ലാ ആശുപത്രികളിലെ മെഡിക്കല്‍ സൂപ്രണ്ടുമാരും മോതിരങ്ങളുടെ സംരക്ഷണ ചുമതല വഹിക്കും. 24 മണിക്കൂറും നിരീക്ഷണ സംവിധാനമുള്ള പ്രത്യേക ലോക്കറുകളിലായിരിക്കും മോതിരങ്ങള്‍ സൂക്ഷിക്കുക.

തമിഴ്നാട് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴിയാണ് സ്വര്‍ണ മോതിരങ്ങള്‍ വാങ്ങുക. പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷയും കൃത്രിമം കണ്ടെത്താനുള്ള പ്രത്യേക സുരക്ഷാ സംവിധാനങ്ങളുമുള്ള പാക്കേജിങ്ങിലൂടെ വിതരണവും നടത്തും.

TN government rolls out gold ring for babies at Rs 755 crore