ന്യൂഡല്‍ഹി: മണ്‍സൂണ്‍ വൈകുന്നതിനും ദുര്‍ബലമാകുന്നതിനും കാരണമാകുന്ന എല്‍ നിനോ(Super El Nino) പ്രതിഭാസം രാജ്യത്തെ കാര്‍ഷിക മേഖലയെ വന്‍ പ്രതിസന്ധിയിലെത്തിക്കുമെന്ന് ആശങ്ക. 315 ജില്ലകളില്‍ പ്രതിസന്ധി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
|
ഹോര്‍മുസ് അടച്ചതും എണ്ണവില കൂടിയതുമൊക്കെ വിതച്ച ആഘാതത്തിന്റെ പ്രകമ്പനം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന വാദങ്ങളുണ്ട്. അതിനിടെയാണ്, ഇപ്പോള്‍ കൂടുതല്‍ തിരിച്ചടിയുമായി എല്‍-നിനോ വരുന്നത്; ഇക്കുറി ‘സൂപ്പര്‍ എല്‍-നിനോ’ ആയിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഇതില്‍ 12 സംസ്ഥാനങ്ങളിലെ, ജലസേചന സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തമായ 111 ജില്ലകളിലെ സാഹചര്യം ആശങ്ക ഉളവാക്കുന്നതാണെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കൃഷിമന്ത്രിമാരുടെ യോഗം വിലയിരുത്തി.
മണ്‍സൂണ്‍ വൈകുന്നതിനും ദുര്‍ബലമാകുന്നതിനും കാരണമാകുന്ന എല്‍ നിനോ പ്രതിഭാസം വിലയിരുത്താന്‍ സംസ്ഥാന കൃഷിമന്ത്രിമാരുടെ യോഗം കഴിഞ്ഞ ദിവസമാണ് ചേര്‍ന്നത്. രാജ്യത്ത് ഇതുവരെയുള്ള മഴലഭ്യത സാധാരണയിലും 43 ശതമാനം കുറവാണ്. വരും ആഴ്ചകളിലും മഴലഭ്യതയില്‍ കുറവുണ്ടാകും. മഴക്കുറവു മൂലം കന്നുകാലികള്‍ക്ക് തീറ്റപ്പുല്ല് ക്ഷാമവും രൂക്ഷമാകും.
പ്രതിസന്ധി സംജാതമാകുന്നതുവരെ കാത്തുനില്‍ക്കില്ലെന്നും, മുന്‍കൂട്ടി തയാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്നും യോഗത്തിനുശേഷം ശിവരാജ് സിങ് ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആശങ്ക ഉയര്‍ന്ന 315 ജില്ലകളില്‍ ഓരോന്നിനും വേണ്ടി കാലാവസ്ഥാ പ്രത്യാഘാതം നേരിടാന്‍ അടിയന്തര പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന കൃഷിമന്ത്രിമാര്‍ക്കു പുറമെ, ആഘാത സാധ്യതയുള്ള മേഖലകളിലെ ജില്ല കലക്ടര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിലെ വിദഗ്ധര്‍, കേന്ദ്ര കൃഷി മന്ത്രാലയ ഉദ്യോഗസ്ഥര്‍, കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.
മഴലഭ്യതയെ പൂര്‍ണമായും ആശ്രയിക്കുന്ന കൃഷിയെയും വിളകളെയും മഴക്കുറവ് ദോഷകരമായി ബാധിക്കുമെന്നും എന്നാല്‍, സര്‍ക്കാര്‍ ശാസ്ത്രീയമായ ഇടപെടലുകള്‍ നടത്തി ആഘാതം കഴിയുന്നത്ര കുറച്ച് കര്‍ഷകരുടെ ജീവനോപാധി സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മഴയെ തട്ടിത്തെറിപ്പിച്ച ‘കുട്ടി’
യുദ്ധത്തിന് പിന്നാലെ വരുന്ന സൂപ്പര്‍ എല്‍-നിനോ വിതയ്ക്കുന്ന നാശം കടുത്തതായിരിക്കുമെന്ന് ടിഎസ് ലൊംബാര്‍ഡിന്റെ ചീഫ് ചൈന ഇക്കണോമിസ്റ്റും വാള്‍ സ്ട്രീറ്റ് സ്ട്രാറ്റജിസ്റ്റുമായ റോറി ഗ്രീന്‍ ഓയില്‍പ്രൈസ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ചെറിയ കുട്ടി’ എന്നാണ് സ്പാനിഷില്‍ എല്‍-നിനോയ്ക്ക് അര്‍ഥം. മഴയെ തട്ടിയകറ്റുക, അന്തരീക്ഷമാകെ ചൂടുപിടിപ്പിക്കുക, വരള്‍ച്ചയുണ്ടാക്കുക എന്നിവയാണ് എല്‍-നിനോയുടെ പ്രധാന വില്ലത്തരങ്ങള്‍.
ഭക്ഷ്യവില കത്തും; ജിഡിപി വീഴും
കാലംതെറ്റിയുള്ള മഴ, പേമാരി, വെള്ളപ്പൊക്കം എന്നിവയും സൃഷ്ടിച്ചേക്കാം. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷികമേഖലയില്‍ ഉല്‍പാദനം കുത്തനെ ഇടിയാന്‍ എല്‍-നിനോ ഇടയാക്കും. ഇതിന്റെ പ്രകമ്പനം കാര്‍ഷിക മേഖലയെ മാത്രമല്ല, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ, ഉപഭോക്തൃവിപണി (പ്രത്യേകിച്ച് എഫ്എംസിജി), ബാങ്കിങ്, സ്റ്റോക്ക് മാര്‍ക്കറ്റ്, വാഹന വിപണി തുടങ്ങിയ മേഖലകളെയും ബാധിക്കും. കാര്‍ഷിക ഉല്‍പാദനം കുറയുന്നത് പണപ്പെരുപ്പം കൂടാനും ഇടയാക്കും. ഭക്ഷ്യവില കുതിക്കും. ജിഡിപിയും ഇടിയും.
ഈ പ്രത്യാഘാതങ്ങള്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യയെ ആയിരിക്കുമെന്ന് റോറി ഗ്രീന്‍ പറയുന്നു. യുദ്ധംമൂലം വളം വില കത്തിക്കയറിയതുതന്നെ കാര്‍ഷിക മേഖലയെ ഉലച്ചിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് മണ്‍സൂണിനെ തട്ടിത്തെറിപ്പിച്ചുള്ള എല്‍-നിനോയുടെ വരവ് എന്നത് ഇന്ത്യന്‍ കാര്‍ഷികമേഖലയ്ക്ക് കനത്ത ആഘാതമാകും. ബ്രസീല്‍, മെക്‌സിക്കോ എന്നിവയാണ് എല്‍-നിനോ മൂലം കൂടുതല്‍ തിരിച്ചടി നേരിട്ടേക്കാവുന്ന മറ്റ് രാജ്യങ്ങള്‍.
ഇന്ത്യയ്ക്കുള്ള ഷോക്കുകള്‍
ഇന്ത്യയുടെ മൊത്തം വാര്‍ഷിക മഴയില്‍ 75% പങ്കുവഹിക്കുന്നത് മണ്‍സൂണാണ്. ഇതിനെയാണ് എല്‍-നിനോ തട്ടിയകറ്റുന്നത്. ഇക്കുറി ജൂണ്‍-സെപ്റ്റംബറില്‍ മണ്‍സൂണ്‍ (കാലവര്‍ഷം) 90 ശതമാനത്തിലേക്ക് ചുരുങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചിട്ടുണ്ട്. ജൂണിലെ ആദ്യ 15 ദിവസത്തെ മഴതന്നെ, പ്രതീക്ഷിച്ചതിനേക്കാള്‍ വന്‍തോതില്‍ കുറഞ്ഞു; ഇത് നല്‍കുന്നത് ശുഭസൂചനയുമല്ല.
വേനല്‍ക്കാലത്ത് തുടക്കമിട്ട കൃഷിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന വിളവിനെയാണ് എല്‍-നിനോയുടെ പ്രവൃത്തി നശിപ്പിക്കുക. മേയില്‍ ഇന്ത്യയുടെ പണപ്പെരുപ്പം 3.9 ശതമാനത്തിലേക്ക് കൂടിയിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം 4.8 ശതമാനത്തിലേക്കും ഉയര്‍ന്നു. ഇതിനുവഴിവച്ചത് പശ്ചിമേഷ്യന്‍ യുദ്ധവും എണ്ണവില വര്‍ധനയുമായിരുന്നു. ജൂണില്‍ പണപ്പെരുപ്പവും ഭക്ഷ്യവിലപ്പെരുപ്പവും കത്തിക്കയറാം. ഇതിന് യുദ്ധത്തിന് പുറമേ, എല്‍-നിനോയും കാരണമാകും.
എന്താണ് എല്‍-നിനോ?
പസഫിക് സമുദ്രത്തിന്റെ ഉപരിതലം അസാധാരണമാംവിധം ചൂടുപിടിക്കും. വെള്ളം തിളയ്ക്കും. പസഫിക്കില്‍നിന്ന് അതോടെ ചൂടന്‍കാറ്റ് അതിശക്തമായി കരയിലേക്ക് ആഞ്ഞടിക്കും. മണ്‍സൂണിനെ അഥവാ കാലവര്‍ഷത്തെ അതു തട്ടിയകറ്റും. ഇത് ഒന്നുകില്‍ കടുത്ത വരള്‍ച്ചയ്ക്ക് വഴിവയ്ക്കും. അല്ലെങ്കില്‍ കാലംതെറ്റിയുള്ള പേമാരിക്ക്.
എല്‍-നിനോ എങ്ങനെ ബാധിക്കും?
ഇക്കുറി ‘സൂപ്പര്‍ എല്‍-നിനോ’ ആയിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. 1950ന് ശേഷമുള്ള ഏറ്റവും ശക്തം. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കാകെ ഇതു തിരിച്ചടിയായേക്കാം. ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യ ആയേക്കുമെന്നും അവര്‍ ഭയക്കുന്നു.
ഗ്രാമീണ, കാര്‍ഷിക മേഖലകളുടെയും ജിഡിപിയുടെയും തളര്‍ച്ച ഓഹരി വിപണിയെയും ഉലയ്ക്കും. സമ്പദ്‌ഞെരുക്കമുണ്ടാകുന്നത് എഫ്എംസിജി, ബാങ്കിങ്, വാഹന വിപണി തുടങ്ങിയ മേഖലകളിലും ഡിമാന്‍ഡ് ഇടിവിന് വഴിവയ്ക്കാം. ഈ മേഖലകളിലെ കമ്പനികളുടെ ഓഹരികള്‍ തളരാം.
Super El Nino and West Asia war shock threaten India economy


