ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ ഐഡന്റിറ്റിയുടെ റീലീസ് സംബന്ധിച്ചുള്ള അപ്‌ഡേറ്റ് പുറത്തുവന്നു.(Tovino’s Identity to be the first hit of the new year) ‘ഫോറന്‍സിക്’ എന്ന സിനിമക്ക് ശേഷം ടൊവിനോ യെ നായകനാക്കി സംവിധായകരായ അഖില്‍ പോള്‍ – അനസ് ഖാന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’.
|
ഒരു ഇന്‍വെസ്റ്റിഗേഷന്‍ ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
ജനുവരി രണ്ടിന് ഐഡന്റിറ്റി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. ചിത്രം മലയാളത്തില്‍ കൂടാതെ തമിഴിലും ഹിന്ദിയിലും ഒരേ സമയം റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സാക്ഷിക്കൊപ്പം ഹരണ്‍ ശങ്കര്‍ എന്ന സ്‌കെച്ച് ആര്‍ട്ടിസ്റ്റും പൊലീസും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന സൂചനയാണ് ഇതിനകം പുറത്തുവന്ന ട്രെയിലര്‍ നല്‍കുന്നത്. വമ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് ട്രെയിലര്‍ കാണുമ്പോള്‍ മനസിലാകുന്നത്. ട്രെയിലറിലെ ഫൈറ്റ് സീനുകള്‍ക്കെല്ലാം വന്‍ കൈയടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
ആക്ഷന്‍ പശ്ചാത്തലമുള്ള ഒരു ഇന്‍വെസ്റ്റിഗേഷന്‍ സിനിമയാണ് ഐഡന്റിറ്റിയെന്ന് നേരത്തെ സംവിധായകന്‍ അഖില്‍ പോള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമയിലെ ആക്ഷന് അതിന്റേതായ പ്രത്യേകതകളുമുണ്ട്.
അതുകൊണ്ടാണ് പുറത്തുനിന്ന് ‘ജവാന്‍’ പോലുള്ള സിനിമകളില്‍ വര്‍ക്ക് ചെയ്ത യാനിക് ബെന്‍ എന്ന സ്റ്റണ്ട് ഡയറക്ടറെ കൊണ്ടുവന്നതെന്നും അഖില്‍ പോള്‍ പറഞ്ഞു. ചിത്രത്തിന്റെ അവസാനത്തെ 40 മിനിറ്റ് മലയാളത്തില്‍ ഇതുവരെ കണ്ടു പരിചയമില്ലാത്ത പശ്ചാത്തലമാണെന്നും അഖില്‍ മനസുതുറന്നിരുന്നു.
രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്ത്, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ.റോയി സി ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സംവിധായകരായ അഖില്‍ പോള്‍ -അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്.
നടന്‍ വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.
ചിത്രത്തിന്റെ ആള്‍ ഇന്ത്യ വിതരണാവകാശം റെക്കോര്‍ഡ് തുകക്കാണ് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയിരിക്കുന്നത്.ജി സി സി വിതരണാവകാശം ഫാഴ്‌സ് ഫിലിംസ് കരസ്ഥമാക്കി. അഖില്‍ ജോര്‍ജ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് ചമന്‍ ചാക്കോ ആണ്. മ്യൂസിക് ആന്‍ഡ് ബാക്ക്ഗ്രൗണ്ട് ജേക്‌സ് ബിജോയ് കൈകാര്യം ചെയ്യുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





