ഇസ്രായേലും യുഎസും തുടങ്ങിവച്ച പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെ തുടര്‍ന്ന് ലോകമെങ്ങും ഇന്ധനപ്രതിസന്ധി വ്യാപിക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കേണ്ടതിന്റെ പ്രാധാന്യമടക്കമുള്ള സാഹചര്യങ്ങള്‍ ആണ് ഇരുവരും ചര്‍ച്ച ചെയ്തതെന്ന് യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ പറഞ്ഞു.
|
ഇറാനെതിരായ യുദ്ധം തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് ട്രംപും മോദിയും ഫോണില്‍ സംസാരിക്കുന്നത്. സമാധാനവും സുസ്ഥിരതയും ഊര്‍ജ സുരക്ഷയുമാണ് ചര്‍ച്ച ചെയ്ത മറ്റു വിഷയങ്ങളെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
സംഘര്‍ഷമൊഴിവാക്കാനും എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാനും ഇന്ത്യ പിന്തുണയ്ക്കുമെന്ന് മോദി പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിക്കുകയും പരമോന്നത നേതാവിനെയടക്കം വധിക്കുകയും രാജ്യത്തെ എണ്ണകേന്ദ്രങ്ങള്‍ ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചത്.
മേഖലയിലെ യുഎസിന്റെ സൈനിക താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ആക്രമിച്ച ഇറാന്‍ ഇസ്രായേലിനു നേരെയും കടുത്ത ആക്രമണം തുടരുന്നുണ്ട്. ഇതിനിടെയാണ് ഹോര്‍മുസ് കടലിടുക്ക് തുറപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ട്രംപ് തുടരുന്നത്. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ട്രംപ് നല്‍കിയ അന്ത്യശാസനം ഇറാന്‍ തള്ളുകയും ഈ സമയപരിധി കഴിഞ്ഞദിവസം അവസാനിക്കുകയും ചെയ്തിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറപ്പിക്കുന്നതിന് ഇറാനെതിരേ അണിനിരക്കാന്‍ ട്രംപ് വിവിധ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചെങ്കിലും ഇതെല്ലാം അവഗണിക്കപ്പെടുകയായിരുന്നു.
ALSO READ: ഹരീഷ് റാണ അന്തരിച്ചു; രാജ്യത്തെ ആദ്യ ദയാമരണം



