04
Jun 2025
Sun
04 Jun 2025 Sun
trump b2 bomber

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. (Trump says US has bombed 3 nuclear sites in Iran) അതീവ സുരക്ഷയുള്ള ഫോര്‍ദോ, നതാന്‍സ്, ഇസ്ഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ യുഎസിന് ഇസ്രായേല്‍ നന്ദി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തതായും യുദ്ധവിമാനങ്ങള്‍ മടങ്ങിയെത്തിയതായും ട്രംപ് അറിയിച്ചു. ഇറാനിലെ തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങളിലൊന്നാണ് ആക്രമിക്കപ്പെട്ട ഫോര്‍ദോ. ബി-2 സ്റ്റെല്‍ത്ത് ബോംബറുകളാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബിടാന്‍. അമേരിക്ക ഉപയോഗിച്ചതെന്ന് മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഫോര്‍ദോ ഉള്‍പ്പെടെയുള്ള ആണ് കേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായതായി ഇറാന്‍ സ്ഥിരീകരിച്ചു. ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സികളായ ഇര്‍നയും തസ്‌നീമും ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ആണവ കേന്ദ്രങ്ങളില്‍ എത്രമാത്രം നാശനഷ്ടം ഉണ്ടായി എന്ന കാര്യം വ്യക്തമല്ല.

ALSO READ: അവശ്യവസ്തുക്കള്‍ക്കായി കാത്തുനിന്ന ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ വെടിവയ്പ്; 35 പേര്‍ കൊല്ലപ്പെട്ടു

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ നീങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ആക്രമണം നടന്നത്. ഫോര്‍ദോയിലെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ടണ്‍ കണക്കിന് ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആവശ്യമാണ്. ഇത് വഹിക്കാന്‍ ശേഷിയുള്ളതാണ് ബി-2 എന്ന അത്യാധുനിക യുദ്ധവിമാനം.

ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളില്‍ വിജയകരമായ ആക്രമണം പൂര്‍ത്തിയാക്കിയതായി ട്രംപ് അറിയിച്ചു. ആക്രമണം നടത്തിയ എല്ലാ യുദ്ധവിമാനങ്ങളും ഇറാന്റെ വ്യോമാതിര്‍ത്തിക്ക് പുറത്തെത്തി. വിമാനങ്ങള്‍ രാജ്യത്തേക്ക് മടങ്ങിയെത്തുകയാണ്. നമ്മുടെ സൈനികര്‍ക്ക് അഭിനന്ദങ്ങള്‍ നേരുന്നു. ലോകത്ത് മറ്റൊരു സൈന്യത്തിനും ഇത് ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ സമാധാനത്തിനുള്ള സമയമാണെന്നും ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസില്‍ നിന്ന് ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ഇറാനിലെ വിജയകരമായ സൈനിക നടപടിയെക്കുറിച്ച് വിവരിക്കാനാണ് ട്രം പ് രാജ്യത്തെ അഭിസംബോധന ചെയ്യുക എന്നതാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷം ആരംഭിച്ച് ഒരാഴ്ച പിന്നിട്ട ശേഷമാണ് ആക്രമണത്തില്‍ അമേരിക്ക നേരിട്ട് പങ്കാളിയാകുന്നത്.

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്ക രണ്ട് ബി2 ബോംബര്‍ വിമാനങ്ങളാണ് ആക്രമണങ്ങള്‍ നടത്താന്‍ ഉപയോഗിച്ചത്. ഓപ്പറേഷന് മുന്നോടിയായി ഫോണ്‍ കോളിലൂടെ പ്രസിഡന്റ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചിരുന്നു.

അതേസമയം, ഏത് സമയവും ഗള്‍ഫിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഇറാന്റെ തിരിച്ചടി ഉണ്ടാവുമെന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്.