യുഎസ്-ഇസ്രായേല്‍ സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധം 15-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയായ ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി തര്‍ക്കം മുറുകുന്നു. കടലിടുക്ക് തുറന്നുകൊടുക്കാന്‍ വിവിധ രാജ്യങ്ങള്‍ യുദ്ധക്കപ്പലുകള്‍ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാല്‍, അമേരിക്കയ്ക്കും ഇസ്രായേലിനും മാത്രമാണ് വിലക്കെന്നും മറ്റുള്ളവര്‍ക്ക് പാത സുരക്ഷിതമാണെന്നുമാണ് ഇറാന്റെ നിലപാട്.
|
ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്കയോടൊപ്പം ചേര്‍ന്ന് കടലിടുക്കിന്റെ സുരക്ഷയ്ക്കായി യുദ്ധക്കപ്പലുകള്‍ അയക്കുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
ഇറാന്റെ സൈനിക ശേഷി തങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്തുവെന്ന് ട്രംപ് അവകാശപ്പെട്ടു. എങ്കിലും ഡ്രോണുകളോ മിസൈലുകളോ ഉപയോഗിച്ച് ഇറാന്‍ ഇപ്പോഴും ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും, ഇറാന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ ബോംബാക്രമണം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇറാന്റെ പ്രതികരണം
എന്നാല്‍, ഹോര്‍മുസ് കടലിടുക്ക് സൈനികമായി അടച്ചിട്ടില്ലെന്നും നിയന്ത്രണത്തിലാക്കുക മാത്രമാണ് ചെയ്തതെന്നും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് (IRGC) നേവി ചീഫ് അലിറേസ തങ്സിരി പറഞ്ഞു. അമേരിക്കന്‍ കപ്പലുകള്‍ക്ക് ഈ പാതയിലൂടെ പ്രവേശനമുണ്ടാകില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രായേലിന്റെയും കപ്പലുകള്‍ക്ക് മാത്രമാണ് വിലക്കെന്ന് ഇറാന്‍ വിദേശ കാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അറിയിച്ചു.
അയല്‍രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്
യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അമേരിക്ക തങ്ങള്‍ക്കെതിരെ മിസൈലുകള്‍ തൊടുക്കുന്നുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. ജനവാസ മേഖലകള്‍ക്ക് സമീപത്ത് നിന്നാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നത്. തങ്ങള്‍ തിരിച്ചടിച്ചാല്‍ അത് വലിയ ദുരന്തത്തിന് കാരണമാകുമെന്നും അതിനാല്‍ അമേരിക്കയെ തങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം അയല്‍രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ഇന്ത്യയ്ക്ക് ഇളവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇറാന്‍ പ്രത്യേക ഇളവ് നല്‍കി. പാചകവാതകവുമായി (LPG) വന്ന രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ ശനിയാഴ്ച സുരക്ഷിതമായി കടലിടുക്ക് കടന്നു. തുര്‍ക്കി കപ്പലുകള്‍ക്കും ഇത്തരത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്.
ആഗോള ഭക്ഷ്യ-ഊര്‍ജ്ജ പ്രതിസന്ധി
ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോളതലത്തില്‍ വലിയ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ലോകത്തെ 40 ശതമാനം ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തിന് ആവശ്യമായ നൈട്രജന്‍ വളങ്ങളുടെ അസംസ്‌കൃത വസ്തുവായ എല്‍എന്‍ജി (LNG) ഈ പാതയിലൂടെയാണ് വരുന്നത്.
മാനുഷിക സഹായങ്ങള്‍ എത്തിയില്ലെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയിലാകുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി.
പാചകവാതക ക്ഷാമം നേരിടാന്‍ ഇന്ത്യ അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ച് 33 കോടി വീടുകളെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
അതിനിടെ, 2,500 അമേരിക്കന്‍ മറീനുകളും യുഎസ്എസ് ട്രിപ്പോളി എന്ന യുദ്ധക്കപ്പലും മിഡില്‍ ഈസ്റ്റിലേക്ക് തിരിച്ചിട്ടുണ്ട്. ഇറാനെതിരെയുള്ള യുദ്ധത്തില്‍ ഇതുവരെ 1,444 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.





