|
വാഷിങ്ടൻ: ഇന്ത്യയിൽ നിക്ഷേപവുമായി മുന്നോട്ടുപോകുന്ന ആപ്പിൾ സി.ഇ.ഒ ടിം കുക്കിനു മുന്നറിയിപ്പുമായി ട്രംപ്. ഇന്ത്യയിൽ ആപ്പിൾ ഉൽപന്നങ്ങളുടെ നിർമാണം നടത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളുമെന്നും ദോഹയിൽ നടന്ന ബിസിനസ് ചർച്ചയ്ക്കിടെ ട്രംപ് പറഞ്ഞു.
വർഷങ്ങളായി നിങ്ങൾ ചൈനയിലെ പ്ലാന്റുകളിൽ നിർമാണം നടത്തുകയാണ്. അത് തങ്ങൾ സഹിച്ചു. നിങ്ങൾ ഇനി ഇന്ത്യയിലാണ് ഉൽപന്നങ്ങൾ നിർമിക്കുന്നതെങ്കിൽ തങ്ങൾക്ക് അതിൽ താൽപ്പര്യമില്ലെന്നും ട്രംപ് പറഞ്ഞു. ഐഫോണുകളും മാക്ബുക്കുകളും നിർമിക്കുന്ന ആപ്പിളിന്റെ ഉൽപാദനം യു.എസിൽ വിപുലമാക്കാൻ താൻ ഒരുങ്ങുകയാണെന്നും ട്രംപ് പറയുന്നു. ട്രംപ് ഭരണകൂടത്തിന്റെ പകരച്ചുങ്ക നയത്തെ നേരിടാൻ ഐഫോൺ നിർമാണം ചൈനയിൽ നിന്ന് മാറ്റി ഇന്ത്യയിൽ വിപുലീകരിക്കാൻ ആപ്പിൾ കമ്പനി പദ്ധതിയിടുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ആപ്പിളിന് ഇന്ത്യയിൽ മൂന്ന് പ്ലാന്റുകളാണുള്ളത്. രണ്ടെണ്ണം തമിഴ്‌നാട്ടിലും ഒന്ന് കർണാടകയിലുമാണ്. ഇവയിൽ ഒന്ന് ഫോക്‌സ്‌കോണും മറ്റൊന്ന് ടാറ്റാ ഗ്രൂപ്പുമാണ് നടത്തുന്നത്. ഇന്ത്യയിൽ രണ്ട് ആപ്പിൾ പ്ലാന്റുകളുടെ നിർമാണം കൂടി പുരോഗമിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം, ആപ്പിൾ കമ്പനി മുൻ സാമ്പത്തിക വർഷത്തേക്കാൾ 60 ശതമാനത്തിന്റെ വർധനയോടെ ഇന്ത്യയിൽ 2,200 കോടി ഡോളറിന്റെ ഐഫോണുകൾ നിർമിച്ചതായാണു റിപ്പോർട്ട്.
Trump warns Apple CEO Tim Cook over investment in India





